44 വർഷത്തിന് ശേഷം വീണ്ടും സുവർണനിറം

ഐച്ചി-നഗോയ (ജപ്പാൻ) : ഏഷ്യൻ ഗെയിംസ് ഹോക്കിയിൽ ചരിത്രം കുറിച്ച് ഇന്ത്യൻ വനിതകൾ. 44 വർഷത്തെ കാത്തിരിപ്പിനൊടുവിൽ സ്വർണ മെഡൽ സ്വന്തമാക്കി ഇന്ത്യൻ വനിതാ ഹോക്കി ടീം. ഫൈനലിൽ ചൈനയെ മറുപടിയില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചാണ് ഇന്ത്യയുടെ അഭിമാന നേട്ടം.മത്സരത്തിന്റെ പത്താം മിനിറ്റിൽ ലാൽറെംസിയാമി നേടിയ ഗോളാണ് ഇന്ത്യയ്ക്ക് നിർണായക ലീഡ് സമ്മാനിച്ചത്. മികച്ച ടോമഹോക്ക് ഷോട്ടിലൂടെയായിരുന്നു താരത്തിന്റെ ഗോൾ. പിന്നീട് സമനിലയ്ക്കായി ചൈന ശക്തമായ ആക്രമണം നടത്തിയെങ്കിലും ഇന്ത്യൻ പ്രതിരോധം ഉറച്ചുനിന്നു.

മത്സരത്തിന്റെ അവസാന നിമിഷങ്ങളിലായിരുന്നു ഇന്ത്യയ്ക്ക് ഏറ്റവും വലിയ പരീക്ഷണം. ഗോൾകീപ്പറെ പോലും പിൻവലിച്ച് ചൈന ആക്രമണം ശക്തമാക്കിയപ്പോൾ ഇന്ത്യൻ പ്രതിരോധം പതറിയില്ല. നിർണായക ഘട്ടത്തിൽ ക്യാപ്റ്റനും ഗോൾകീപ്പറുമായ സവിത പുനിയ നടത്തിയ തകർപ്പൻ സേവാണ് ഇന്ത്യയുടെ സ്വർണം ഉറപ്പിച്ചത്.1982ലെ ഏഷ്യൻ ഗെയിംസിലാണ് ഇന്ത്യൻ വനിതാ ഹോക്കി ടീം ഇതിന് മുമ്പ് സ്വർണം നേടിയത്. അതിനുശേഷം നാല് പതിറ്റാണ്ടിലേറെ നീണ്ട കാത്തിരിപ്പാണ് ഇപ്പോൾ അവസാനിച്ചത്.

1998ലും 2018ലും ഇന്ത്യ ഫൈനലിലെത്തിയിരുന്നെങ്കിലും അന്ന് വെള്ളിമെഡലുമായി മടങ്ങേണ്ടി വന്നു. ഇത്തവണ സെമിഫൈനലിൽ ദക്ഷിണ കൊറിയയെ 2–0ന് തോൽപ്പിച്ചാണ് ഇന്ത്യ ഫൈനലിൽ പ്രവേശിച്ചത്.ഈ ചരിത്രവിജയത്തോടെ 2028ലെ ലോസ് ഏഞ്ചലസ് ഒളിമ്പിക്സിലേക്കുള്ള നേരിട്ടുള്ള യോഗ്യതയും ഇന്ത്യൻ വനിതാ ടീം സ്വന്തമാക്കി. ഏഷ്യൻ ഗെയിംസിലെ ഇന്ത്യയുടെ സ്വർണനേട്ടം ഇതോടെ 16 ആയി.ഒരു ഗോളിന്റെ ലീഡ് അവസാന നിമിഷം വരെ കാത്തുസൂക്ഷിച്ച് ചരിത്രം തിരുത്തിയ ഇന്ത്യൻ വനിതകൾക്ക് ഇത് ഒരു മെഡൽ നേട്ടം മാത്രമല്ല. നാല് പതിറ്റാണ്ടിലേറെ നീണ്ട കാത്തിരിപ്പിന് ലഭിച്ച സുവർണ മറുപടി കൂടിയാണ്.

Leave a Reply

Your email address will not be published. Required fields are marked *