മസ്കത്ത്: രണ്ട് ദിവസത്തെ മുന്തിരി വിളവെടുപ്പ് ഉത്സവം സംഘടിപ്പിച്ച് സൗദി . ഒമാനിലെ പൈതൃക ടൂറിസം മന്ത്രി ഇബ്രാഹിം ബിൻ സഈദ് അൽ ബുസൈദിയുടെ നേതൃത്വത്തിലാണ് വിളവെടുപ്പ് ഉത്സവം സംഘടിപ്പിച്ചത്. പ്രാദേശികമായി ഉൽപാദിപ്പിക്കുന്ന മുന്തിരിയെ ഉയർന്ന മൂല്യമുള്ള ഒരു സീസണൽ വിളയായി പ്രോത്സാഹിപ്പിക്കാനും, കൃഷി വ്യാപിപ്പിക്കുന്നതിനും ആധുനിക ഉൽപാദന സാങ്കേതിക വിദ്യകൾ സ്വീകരിക്കുന്നതിനും കർഷകരെ പ്രോത്സാഹിപ്പിക്കുകയുമാണ് ഈ ഉത്സവം ലക്ഷ്യമിടുന്നത്.
വാദി ബാനി ഖരൂസിലെ ജലാബ് ഫാമിൽ സംഘടിപ്പിച്ച ഈ മേള കർഷകർക്ക് തങ്ങളുടെ ഉൽപന്നങ്ങൾ പ്രദർശിപ്പിക്കുന്നതിനും അനുഭവസമ്പത്ത് പങ്കുവെക്കുന്നതിനും ഒമാനിലെ മുൻനിര കാർഷിക-പൈതൃക കേന്ദ്രങ്ങളിലൊന്നായ ‘അൽ-അവാബി’യുടെ പ്രശസ്തി വർധിപ്പിക്കുന്നതിനുമുള്ള ഒരു വേദിയായി മാറി. മേളയോടനുബന്ധിച്ച് ഒരുക്കിയ കാർഷിക വിപണിയിൽ സുൽത്താനേറ്റിലുടനീളമുള്ള നിരവധി കർഷകരും വ്യാപാരികളും പങ്കെടുത്തു. വിവിധയിനം മുന്തിരികൾ, മുന്തിരിയിൽ നിന്നുള്ള മൂല്യവർധിത ഉൽപ്പന്നങ്ങൾ എന്നിവക്ക് പുറമെ മറ്റ് സീസണൽ പഴങ്ങൾ, ഒമാനി തേൻ, സിദർ ഉൽപന്നങ്ങൾ, പ്രകൃതിദത്ത സോപ്പുകൾ, പ്രാദേശിക കുടുംബങ്ങൾ നിർമിച്ച ഗ്രാമീണ കരകൗശല വസ്തുക്കൾ എന്നിവയും ഇവിടെ പ്രദർശിപ്പിച്ചു. ഉപഭോക്താക്കളിലേക്ക് നേരിട്ടെത്താൻ കർഷകർക്കും ചെറുകിട സംരംഭകർക്കും അവസരമൊരുക്കുന്നതിലൂടെ പ്രാദേശിക ഉൽപന്നങ്ങളെ പ്രോത്സാഹിപ്പിക്കാനും സാമ്പത്തിക സുസ്ഥിരത ശക്തിപ്പെടുത്താനും ഈ പദ്ധതി സഹായിക്കുന്നു.
