ന്യൂഡൽഹി: ഏപ്രിൽ മാസത്തെ ചരക്ക് സേവന നികുതി വരുമാനത്തിൽ റെക്കോഡ്. 2.42 ലക്ഷം കോടി രൂപയാണ് ജിഎസ്ടി ഇനത്തിൽ സർക്കാരിന് ലഭിച്ചത്. മുൻവർഷത്തെ അപേക്ഷിച്ച് 8.7 ശതമാനമാണ് വർധന. ആഗോള അനിശ്ചിതത്വങ്ങൾക്കിടയിലും സമ്പദ്വ്യവസ്ഥയുടെ കരുത്തിനെയാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നത്. ഇറക്കുമതി വരുമാനത്തിലുണ്ടായ വർധനവാണ് റെക്കോഡ് നേട്ടത്തിന് പിന്നിൽ.
മൊത്തം ജിഎസ്ടി: 2.42 ലക്ഷം കോടി രൂപ (മുൻ വർഷത്തേക്കാൾ 8.7% വർധന). അറ്റ ജിഎസ്ടി വരുമാനം (Net GST Collection): 2.11 ലക്ഷം കോടി രൂപ (7.3% വാർഷിക വർധന). റീഫണ്ട്: 31,793 കോടി രൂപ റീഫണ്ടായി നൽകി. മുൻ വർഷത്തെ അപേക്ഷിച്ച് 19.3% കൂടുതലാണിത്. 2025 ഏപ്രിലിൽ രേഖപ്പെടുത്തിയ 2.37 ലക്ഷം കോടി രൂപയായിരുന്നു ഇതിനു മുൻപത്തെ ഏറ്റവും ഉയർന്ന വരുമാനം. നേട്ടം ഇറക്കുമതിയിൽനിന്ന് ഏപ്രിലിലെ റെക്കോഡ് നേട്ടത്തിന് പിന്നിൽ ഇറക്കുമതി വരുമാനത്തിന് നിർണായക പങ്കുണ്ട്.
ഏപ്രിലിലെ ഉയർന്ന കണക്കുകൾ സാമ്പത്തിക വർഷാവസാനത്തോടനുബന്ധിച്ച് ബിസിനസുകളും ഉദ്യോഗസ്ഥരും ലക്ഷ്യങ്ങൾ പൂർത്തിയാക്കാൻ നടത്തുന്ന ശ്രമങ്ങളുടെ പ്രതിഫലനമായി കാണാം. അതുകൊണ്ടുതന്നെ വരും മാസങ്ങളിലെ വരുമാനത്തിൽ കുറവുണ്ടായേക്കാം.
