ഐസിസി ഏകദിന റാങ്കിംഗ്: ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് ശുഭ്മാന്‍ ഗില്‍

ദുബായ്: ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ തിരിച്ചടികള്‍ക്കിടയിലും, ഐസിസി ഏകദിന ബാറ്റിംഗ് റാങ്കിംഗില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി. ഇംഗ്ലണ്ടിനെതിരായ പരമ്പര ഇന്ത്യ 2-1ന് പരാജയപ്പെട്ടെങ്കിലും, പരമ്പരയിലുടനീളം മികച്ച പ്രകടനമാണ് 26 കാരനായ ഗില്‍ പുറത്തെടുത്തത്. ഇന്ത്യയുടെ ടോപ് സ്‌കോററായ അദ്ദേഹം മൂന്ന് മത്സരങ്ങളില്‍ നിന്നായി ആകെ 188 റണ്‍സ് അടിച്ചെടുത്തു. എജ്ബാസ്റ്റണില്‍ നടന്ന ആദ്യ ഏകദിനത്തില്‍ 80 റണ്‍സിന്റെ തകര്‍പ്പന്‍ പ്രകടനമാണ് ഗില്‍ കാഴ്ചവെച്ചത്. തുടര്‍ന്നുള്ള മത്സരങ്ങളിലും നിര്‍ണായക സംഭാവനകള്‍ നല്‍കാന്‍ അദ്ദേഹത്തിനായി.

ന്യൂസിലന്‍ഡ് താരം ഡാരില്‍ മിച്ചലിനെ പിന്തള്ളിയാണ് ഗില്‍ ഒന്നാം റാങ്ക് തിരിച്ചുപിടിച്ചത്. വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയിലെ മോശം പ്രകടനത്തെ തുടര്‍ന്നാണ് മിച്ചലിന് ഒന്നാം സ്ഥാനം നഷ്ടമായത്. 2023 നവംബറിലാണ് ഗില്‍ ആദ്യമായി ഏകദിന റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തെത്തിയത്. തുടര്‍ന്ന് ഈ വര്‍ഷം ജനുവരിയില്‍ ഇന്ത്യക്കെതിരായ പരമ്പരയിലെ മിച്ചലിന്റെ മികച്ച പ്രകടനത്തെ തുടര്‍ന്ന് ഗില്ലിന് രണ്ടാം സ്ഥാനത്തേക്ക് പിന്‍വാങ്ങേണ്ടി വന്നിരുന്നു. ആറുമാസത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വീണ്ടും സ്ഥാനം തിരിച്ചുപിടിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *