റിയാദ്: സൗഹൃദത്തിെന്റെയും ആരോഗ്യസംരക്ഷണത്തിന്റെയും സന്ദേശമുയർത്തി റിയാദിൽ 12-ാമത് അന്താരാഷ്ട്ര യോഗാ ദിനാചരണം വിപുലമായ ജനപങ്കാളിത്തത്തോടെ സംഘടിപ്പിച്ചു. റിയാദിലെ ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിൽ, റിയാദ് മുനിസിപ്പാലിറ്റിയുടെയും വിവിധ ഇന്ത്യൻ സാമൂഹിക സംഘടനകളുടെയും സഹകരണത്തോടെയാണ് പരിപാടി അരങ്ങേറിയത്.
റിയാദിലെ അമീർ ഫൈസൽ ബിൻ ഫഹദ് സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ പ്രമുഖ നയതന്ത്രപ്രതിനിധികൾ, സൗദി പൗരന്മാർ, പ്രവാസികൾ എന്നിവർ അണിനിരന്നു. ‘ആരോഗ്യകരമായ വാർദ്ധക്യത്തിന് യോഗ’ എന്നതായിരുന്നു ഈ വർഷത്തെ ആഗോള പ്രമേയം. ഗൾഫ് മേഖലയിൽ യോഗയെ ഒരു കായിക ഇനമായും ചികിത്സാ രീതിയായും ഔദ്യോഗികമായി അംഗീകരിച്ച പശ്ചാത്തലത്തിൽ, ഇതൊരു മുഖ്യധാരാ ആരോഗ്യ പ്രസ്ഥാനമായി മാറിയെന്ന് തെളിയിക്കുന്നതായിരുന്നു പരിപാടിയുടെ വൻ വിജയമെന്ന് സംഘാടകർ പറഞ്ഞു.
സൗദിയിൽ യോഗയ്ക്ക് ലഭിക്കുന്ന ജനപ്രീതിയുടെ പ്രതിഫലനമെന്നോണം വിപുലമായ തയ്യാറെടുപ്പുകളാണ് ഇത്തവണ നടത്തിയത്. ഇന്ത്യൻ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ അബു മത്തൻ ജോർജിന്റെ നേതൃത്വത്തിൽ, സാറ്റ സെൻട്രൽ, ദിശ, ഇന്ത്യ ഓവർസീസ് ഫോറം തുടങ്ങിയ സന്നദ്ധ സംഘടനകൾ പ്രാദേശിക മുനിസിപ്പൽ അധികൃതരുമായി ചേർന്ന് പരിപാടിയുടെ ഏകോപനം നിർവഹിച്ചു.
പ്രമുഖ പ്രവാസി നേതാക്കളും പ്രവാസി ഭാരതീയ സമ്മാൻ പുരസ്കാര ജേതാക്കളുമായ ശിഹാബ് കൊട്ടുകാട്, അൻവർ ഖുർഷിദ് എന്നിവർ പ്രവാസികളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനായി പ്രവർത്തിച്ചു. നൂറുകണക്കിന് ആളുകൾ ഒരേസമയം പങ്കെടുത്ത ‘കോമൺ യോഗ പ്രോട്ടോക്കോൾ’ ആയിരുന്നു ആഘോഷങ്ങളുടെ പ്രധാന ആകർഷണം.
