വെള്ളിത്തിരയിൽ അഭിനയംകൊണ്ട് ലക്ഷക്കണക്കിന് ആരാധകരുടെ ഹൃദയം കീഴടക്കിയ തെന്നിന്ത്യൻ നടിയാണ് കീർത്തി സുരേഷ്. എന്നാൽ, ഇപ്പോൾ തന്റെ തിരക്കിട്ട ജീവതത്തെക്കുറിച്ച് കഴിഞ്ഞദിവസം കീർത്തി പങ്കുവെച്ചത് കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്. തുടർച്ചയായി 41 മണിക്കൂറോളം ജോലി ചെയ്യേണ്ടി വന്നുവെന്നും അതിനുശേഷമാണ് ഉറങ്ങിയതെന്നും കീർത്തി പറഞ്ഞിരുന്നു. എന്നാൽ, ഇരുപത്തിനാലുമണിക്കൂർ തുടർച്ചയായി ഉറങ്ങാൻ കഴിയാതിരുന്നത് നിസ്സാരമല്ലെന്നും രാത്രിയുറക്കം ഒരുമണിക്കൂർപോലും വൈകുന്നത് ആരോഗ്യപ്രശ്നങ്ങൾക്കു കാരണമാകുമെന്നുമാണ് വിദഗ്ധർ പറയുന്നത്.
ദിവസവും ഒരുമണിക്കൂർ ഉറക്കംകുറയുന്നതുപോലും വണ്ണംകൂടാനിടയാക്കും എന്ന് അനാൽസ് ഓഫ് ഇന്റേർണൽ മെഡിസിൻ എന്ന ജേർണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറഞ്ഞിരുന്നു. ഉറക്കം കുറയുന്നത് അനുസരിച്ച് അരക്കിലോഗ്രാം വച്ച് കൂടാനിടയാകുന്നു എന്നാണ് പഠനം കണ്ടെത്തിയത്. ഉറക്കക്കുറവ് നേരിടുന്നവരിൽ പിന്നാലെ പലവിധ ജീവിതശൈലീരോഗങ്ങളും കൂടുമെന്നും ഗവേഷകർ മുന്നറിയിപ്പ് നൽകുന്നുണ്ട്.
ഉറക്കക്കുറവുള്ളവരിൽ കുടലിനെ ബാധിക്കുന്ന അർബുദം, സ്തനാർബുദം, ഗർഭാശയാർബുദം അല്ലെങ്കിൽ അണ്ഡാശയ കാൻസർ എന്നിവ പിടിപെടാനുള്ള സാധ്യത കൂടുതലാണെന്ന് മറ്റൊരു പഠനവും കണ്ടെത്തിയിരുന്നു. ഹൂസ്റ്റണിലെ എംഡി ആൻഡേഴ്സൺ കാൻസർ സെന്ററാണ് പഠനം നടത്തിയത്. 18-നും 50-നും ഇടയിൽ പ്രായമുള്ള 18 ദശലക്ഷം യുഎസ് പൗരന്മാരുടെ ആരോഗ്യവിവരങ്ങൾ ശേഖരിച്ചു നടത്തിയ പഠനത്തിലാണ് ഈ കാര്യങ്ങൾ പങ്കുവെച്ചത്.
നന്നായി ഉറങ്ങുന്നവരിൽ ആയുസ്സ് വർധിക്കുകയും ഉറക്കം കുറയുന്നവരുടെ ആയുർദൈർഘ്യം കുറയുകയും ചെയ്യുമെന്ന് അമേരിക്കയിലെ ഒറിഗോൺ ഹെൽത്ത്& സയൻസ് സർവകലാശാലയിലെ ഗവേഷകർ നടത്തിയ പഠനത്തിൽ കണ്ടെത്തിയിരുന്നു. ആയുർദൈർഘ്യവുമായി ബന്ധപ്പെടുത്തുന്ന ജീവിതശൈലീ ഘടകങ്ങളെ വിലയിരുത്തിയപ്പോൾ ഉറക്കത്തിനാണ് വലിയ സ്ഥാനമെന്ന് കണ്ടെത്തുകയായിരുന്നു. ആയുസ്സിന്റെ കാര്യത്തിൽ ഉറക്കത്തേക്കാൾ സ്വാധീനം ചെലുത്തുന്ന ഒരേയൊരു ഘടകം പുകവലി മാത്രമാണെന്നും ഗവേഷകർ വ്യക്തമാക്കി.
ഉറക്കക്കുറവ് വൈജ്ഞാനികശേഷിയെ ബാധിക്കാനും ഏകാഗ്രത, ഓർമശക്തി, തീരുമാനമെടുക്കാനുള്ള കഴിവ് എന്നിവയെ ബാധിക്കാനുമിടയാക്കും. കൃത്യമായി ഉറക്കം ലഭിക്കാത്തവരിൽ മറവിയും മന്ദതയും അനുഭവപ്പെടാം. കൂടാതെ തലച്ചോറിന്റെ പ്രവർത്തനം താളംതെറ്റി മാനസികാരോഗ്യ പ്രശ്നങ്ങൾക്കുമിടയാക്കും. ഉറക്കക്കുറവ് നേരിടുന്നവരിൽ ഹോർമോൺ വ്യതിയാനങ്ങൾക്കുള്ള സാധ്യതയും കൂടുതലാണ്. ദീർഘനാളത്തെ ഉറക്കക്കുറവ് ഹൃദയത്തിൻ്റെയും രക്തക്കുഴലുകളുടെ പ്രവർത്തനത്തെ ബാധിക്കുകയും സ്ട്രെസ് ഹോർമോണുകളുടെ ഉത്പാദനം വർധിപ്പിക്കുകയും ക്രമേണ രക്താതിമർദത്തിനും ഹൃദ്രോഗത്തിനും കാരണമാവുകയും ചെയ്യും.ഊർജ്ജം ഫലപ്രദമായി ഉപയോഗിക്കാനുള്ള ശരീരത്തിന്റെ കഴിവിനെയും ഉറക്കമില്ലായ്മ ബാധിക്കും. രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണം കുറയുന്നതിന് ഇത് കാരണമായേക്കും. ക്രമേണ ഭാവിയിൽ ഉപാപചയ രോഗങ്ങൾ ഉണ്ടാകാനും ഇൻസുലിൻ പ്രതിരോധത്തിനും കാരണമാകും.
