തിരുവനന്തപുരം: സംസ്ഥാനത്ത് ലേബർ കോഡ് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരിശോധിക്കാൻ പ്രത്യേക സമിതി രൂപീകരിക്കാൻ യുഡിഎഫ് സർക്കാരിന്റെ തീരുമാനം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ സെക്രട്ടേറിയറ്റിൽ ചേർന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. തൊഴിലാളി സംഘടനാ പ്രതിനിധികളെയും ഉൾപ്പെടുത്തി രൂപീകരിക്കുന്ന സമിതി പത്ത് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കും. റിപ്പോർട്ട് വിശദമായി പരിശോധിച്ച ശേഷമായിരിക്കും ലേബർ കോഡ് നടപ്പാക്കുന്നതിൽ അന്തിമ തീരുമാനമെടുക്കുക.
മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ 22 തൊഴിലാളി സംഘടനാ പ്രതിനിധികൾ പങ്കെടുത്തു. ലേബർ കോഡിലെ വ്യവസ്ഥകൾ, അവ നടപ്പാക്കുമ്പോൾ തൊഴിലാളികൾ നേരിടാനിടയുള്ള പ്രശ്നങ്ങൾ, ആവശ്യമായ മാറ്റങ്ങൾ എന്നിവ വിശദമായി പരിശോധിക്കാനാണ് സമിതിയെ നിയോഗിക്കുന്നത്. തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
ലേബർ കോഡ് നടപ്പാക്കേണ്ടിവരുന്നതിന്റെ സാഹചര്യങ്ങളും അതിന്റെ പ്രാധാന്യവും മുഖ്യമന്ത്രി വിശദീകരിച്ചു. തൊഴിലാളികൾക്ക് പ്രയാസമുണ്ടാകാത്ത രീതിയിൽ എങ്ങനെ നിയമങ്ങൾ നടപ്പാക്കാനാകുമെന്നാണ് സർക്കാർ പരിശോധിക്കുന്നത്. വ്യവസ്ഥകളിൽ മാറ്റങ്ങൾ ആവശ്യമാണെന്ന് സമിതി നിർദേശിച്ചാൽ അത്തരം നിർദേശങ്ങൾ കേന്ദ്ര സർക്കാരിനെ അറിയിക്കുമെന്നും മുഖ്യമന്ത്രി ഉറപ്പുനൽകി. തൊഴിലാളികൾ ഉന്നയിക്കുന്ന പ്രശ്നങ്ങളും പരാതികളും കേന്ദ്രത്തിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
തൊഴിൽ നിയമങ്ങൾ ഏകീകരിക്കുന്നതിനും തൊഴിൽ മേഖലയിലെ നടപടിക്രമങ്ങൾ ലളിതമാക്കുന്നതിനുമായി കേന്ദ്ര സർക്കാർ കൊണ്ടുവന്ന നാല് ലേബർ കോഡുകളാണ് സംസ്ഥാനത്ത് ചർച്ചയാകുന്നത്. വേതനം, വ്യവസായബന്ധങ്ങൾ, സാമൂഹിക സുരക്ഷ, തൊഴിൽസുരക്ഷയും തൊഴിൽ സാഹചര്യങ്ങളും എന്നിവയാണ് ഈ കോഡുകൾ പ്രധാനമായും കൈകാര്യം ചെയ്യുന്നത്.
എന്നാൽ തൊഴിലാളികളുടെ തൊഴിൽസുരക്ഷ, പിരിച്ചുവിടൽ നടപടികൾ, ട്രേഡ് യൂണിയൻ പ്രവർത്തനം, പണിമുടക്കാനുള്ള അവകാശം തുടങ്ങിയ വിഷയങ്ങളിൽ ലേബർ കോഡുകൾ ആശങ്കകൾ ഉയർത്തുന്നുവെന്നാണ് ഇടതുപക്ഷ പാർട്ടികളുടെയും വിവിധ തൊഴിലാളി സംഘടനകളുടെയും വിമർശനം. കേന്ദ്രതലത്തിൽ കോൺഗ്രസും ലേബർ കോഡുകളിലെ വ്യവസ്ഥകളെ എതിർത്തിട്ടുണ്ട്.
ഈ സാഹചര്യത്തിൽ സംസ്ഥാന സർക്കാർ സ്വീകരിക്കുന്ന സമീപനം നിർണായകമാണ്. കേന്ദ്ര നിയമങ്ങൾ നടപ്പാക്കേണ്ടതിന്റെ ആവശ്യകതയും തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കേണ്ട ഉത്തരവാദിത്വവും ഒരുപോലെ പരിഗണിച്ചായിരിക്കും സർക്കാർ മുന്നോട്ടുപോകുക. പ്രത്യേക സമിതിയുടെ റിപ്പോർട്ടും അതിൽ ഉൾപ്പെടുന്ന നിർദേശങ്ങളും പരിശോധിച്ച ശേഷമേ കേരളത്തിൽ ലേബർ കോഡ് നടപ്പാക്കുന്നതിന്റെ രീതിയും സമയക്രമവും സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടാകൂ.
തൊഴിലാളി സംഘടനകളുടെ അഭിപ്രായങ്ങൾ കൂടി പരിഗണിച്ചുള്ള ഈ പരിശോധനയിലൂടെ തൊഴിൽ മേഖലയിലെ ആശങ്കകൾ പരിഹരിക്കാനാകുമോയെന്നാണ് ഇനി അറിയേണ്ടത്.



