ആറ് ഭാഷകളിലെ ബി​ഗ് ബോസിന്‍റെ പുതിയ എഡിഷനുകള്‍ ഒരേ സമയം ആരംഭിക്കും; പ്രഖ്യാപിച്ച് ജിയോസ്റ്റാര്‍

ഇന്ത്യന്‍ ടെലിവിഷനിലെ ഏറ്റവും ജനപ്രിയ റിയാലിറ്റി ഷോ ആണ് ബി​ഗ് ബോസ്. ഇന്ത്യയിലെ പല ഭാഷാ ബി​ഗ് ബോസ് ഷോകള്‍ നേരത്തെ പല സമയങ്ങളില്‍ ആണ് നടന്നിരുന്നതെങ്കില്‍ ഇത്തവണ അങ്ങനെയല്ല. ആറ് ഭാഷകളിലെ ബി​ഗ് ബോസിന്‍റെ പുതിയ എഡിഷനുകള്‍ ഒരേ സമയം ആരംഭിക്കുമെന്ന് അറിയിച്ചിരിക്കുകയാണ് ജിയോസ്റ്റാര്‍. ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, ബംഗാളി ഭാഷകളിലെ ബിഗ് ബോസ് സീസണുകളാവും ഒരുമിച്ച് ആരംഭിക്കുക. മലയാളം ബി​ഗ് ബോസിന്‍റെ എട്ടാമത്തെ സീസണ്‍ അടക്കം എല്ലാ ഭാഷകളിലെയും പുതിയ ബി​ഗ് ബോസ് സീസണുകള്‍ സെപ്റ്റംബറില്‍ ആരംഭിക്കും. സെപ്റ്റംബർ മുതൽ ജിയോസ്റ്റാർ ടെലിവിഷൻ നെറ്റ്‌വർക്കിലും ജിയോ ഹോട്ട്‌സ്റ്റാറിലുമായി ഈ ആറ് പതിപ്പുകളും സംപ്രേഷണം ചെയ്യും. ഇതിനോടനുബന്ധിച്ച് ഒരു കോഫി ടേബിൾ ബുക്കും ജിയോസ്റ്റാർ പുറത്തിറക്കിയിട്ടുണ്ട്.

സൽമാൻ ഖാൻ, വിജയ് സേതുപതി, നാഗാർജുന, കിച്ച സുദീപ്, മോഹൻലാൽ എന്നിവരാണ് വിവിധ ഭാഷാ പതിപ്പുകളുടെ അവതാരകര്‍. അതത് വിപണികളിൽ ബിഗ് ബോസിന്റെ മുഖമായി മാറിയ ഈ താരനിരയ്ക്കൊപ്പം ബംഗാളിന്റെ അഭിമാനമായ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയും ഈ വർഷം ബിഗ് ബോസ് ഫ്രാഞ്ചൈസിയുടെ ഭാഗമാവുമെന്നതാണ് മറ്റൊരു സവിശേഷത.

“കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ഓരോ സീസണിലും ബിഗ് ബോസ് അതിന്റെ വലിപ്പത്തിലും എൻഗേജ്മെന്റിലും സാംസ്കാരിക പ്രസക്തിയിലും പുതിയ മാനദണ്ഡങ്ങൾ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. വിവിധ ഭാഷകളിലായി ആറ് എഡിഷനുകൾ ഒരുമിച്ച് എത്തുന്ന ഈ ഫെസ്റ്റീവ് സീസൺ ഞങ്ങളുടെ ഏറ്റവും വലിയ നാഴികക്കല്ലാണ്. പ്രേക്ഷക പങ്കാളിത്തം തുടർച്ചയായി നിലനിർത്താനും അളക്കാവുന്ന ബിസിനസ് ഫലങ്ങളിലേക്ക് മാറ്റാനാകുന്ന സാംസ്കാരിക നിമിഷങ്ങൾ സൃഷ്ടിക്കാനുമുള്ള കഴിവാണ് ബിഗ് ബോസിന്റെ ഏറ്റവും വലിയ ശക്തി. ഈ യാത്രയെ ഡാറ്റയുടെയും ഇൻസൈറ്റുകളുടെയും സഹായത്തോടെ ‘ഇന്ത്യാസ് ബിഗ് റിയാലിറ്റി’ രേഖപ്പെടുത്തുന്നു. ബിഗ് ബോസ് പോലുള്ള ഷോകൾ ആഘോഷിക്കപ്പെടുന്നതിന് പുറമെ രേഖപ്പെടുത്തപ്പെടുകയും വേണമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു,” ജിയോസ്റ്റാർ, ഹെഡ് – എന്റർടെയ്ൻമെന്റ് സെയിൽസ്, ടിവി മഹേഷ് ഷെട്ടി പറഞ്ഞു.

“പ്രത്യേകിച്ച് ഫെസ്റ്റീവ് സീസണിൽ പ്രേക്ഷക ശ്രദ്ധ പല ഭാഗങ്ങളായി വിഭജിക്കപ്പെടുന്ന സാഹചര്യത്തിൽ, ഏറ്റവും പ്രധാനപ്പെട്ട മൂന്ന് സെയിൽ മാസങ്ങളിൽ വലിയ തോതിൽ ഏകീകൃത ശ്രദ്ധ നേടുന്ന ശക്തമായ പ്ലാറ്റ്‌ഫോമാണ് ബിഗ് ബോസ്. 24/7 ലൈവ് ഫീഡുകൾ, ബില്യണുകളിലെ വോട്ടുകൾ, ലൈവ് ചാറ്റുകൾ എന്നിവയുടെ പിന്തുണയോടെ 47 ശതമാനം എൻഗേജ്മെന്റ് വളർച്ച കൈവരിച്ച ഷോ, നിഷ്‌ക്രിയ പ്രേക്ഷകരെ സജീവ പങ്കാളികളാക്കി മാറ്റുന്നു. കണ്ടന്റ്, സംസ്കാരം, കൊമേഴ്‌സ് എന്നിവ സംഗമിക്കുന്നിടത്ത് ബ്രാൻഡുകൾക്ക് പുതിയ സാധ്യതകൾ സൃഷ്ടിക്കാനുള്ള അവസരമാണ് ബിഗ് ബോസ് നൽകുന്നത്,” ജിയോസ്റ്റാർ, ഹെഡ് – എന്റർടെയ്ൻമെന്റ് സെയിൽസ്, ഡിജിറ്റൽ ഭാസ്കർ രമേഷ് പറഞ്ഞു.

ബിഗ് ബോസ് ഒരു കാഴ്ചാനുഭവം മാത്രമല്ലെന്നും പ്രേക്ഷകരുടെ സജീവ പങ്കാളിത്തം ഫ്രാഞ്ചൈസിയുടെ പ്രധാന ശക്തിയാണെന്നും കോഫി ടേബിൾ ബുക്ക് ചൂണ്ടിക്കാട്ടുന്നു. 9.32 ബില്യണിലധികം വോട്ടുകളും ജിയോ ഹോട്ട്‌സ്റ്റാറിൽ 43 മില്യൺ ലൈവ് ചാറ്റുകളും ഇതുവരെ രേഖപ്പെടുത്തിയിട്ടുണ്ട്. ഓരോ നാല് പ്രേക്ഷകരിലും മൂന്ന് പേർ ഷോയുമായി സജീവമായി ഇടപെടുന്നുവെന്നാണ് കണക്കുകൾ. 2025ൽ മാത്രം ബിഗ് ബോസ് 1.7 ബില്യണിലധികം സോഷ്യൽ എൻഗേജ്മെന്റുകളും 30 മില്യൺ യൂസർ ജനറേറ്റഡ് മീമുകളും സൃഷ്ടിച്ചു. ഷോയുടെ ഈ തുടർച്ചയായ ഡിജിറ്റൽ സാന്നിധ്യം ബ്രാൻഡ് ക്യാംപെയ്‌നുകൾക്ക് കൂടുതൽ ദൈർഘ്യവും സാംസ്കാരിക പ്രസക്തിയും നൽകുന്നു.

പ്രാദേശിക വിപണികളിലെ ബിഗ് ബോസിന്റെ ശക്തമായ സാന്നിധ്യവും ‘ഇന്ത്യാസ് ബിഗ് റിയാലിറ്റി’ വ്യക്തമാക്കുന്നു. ഹിന്ദി സംസാരിക്കുന്ന വിപണികളിൽ 200 മില്യണിലധികം പ്രേക്ഷകരിലേക്കും ദക്ഷിണേന്ത്യയിൽ 300 മില്യണിലധികം പ്രേക്ഷകരിലേക്കും ബിഗ് ബോസ് എത്തുന്നു. ദക്ഷിണേന്ത്യയിലെ ഓരോ പത്ത് ടെലിവിഷൻ പ്രേക്ഷകരിലും എട്ട് പേർ ഷോയുമായി ഇടപെടുന്നു. മേഖലയിലെ മറ്റ് റിയാലിറ്റി ഷോകളുടെ സംയുക്ത റീച്ചിനേക്കാൾ 3.5 മടങ്ങ് ഉയർന്ന റീച്ചാണ് ബിഗ് ബോസിനുള്ളത്. ബ്രാൻഡുകൾക്ക് ബിഗ് ബോസ് നൽകുന്ന സ്വാധീനവും കണക്കുകൾ വ്യക്തമാക്കുന്നു. 2025 സീസണിൽ 46 വിഭാഗങ്ങളിലായി 625-ലധികം അഡ്വർടൈസർമാർ പങ്കെടുത്തു. ഇതിൽ 49 പുതുമുഖ ബ്രാൻഡുകളും ഉൾപ്പെടുന്നു. ബ്രാൻഡ് അവബോധത്തിൽ 1.33 മടങ്ങും, പരിഗണനയിൽ 1.26 മടങ്ങും, പർച്ചേസ് ഇൻറന്റിൽ 1.25 മടങ്ങും ശരാശരി വർധന രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *