കൊച്ചി: കൊച്ചി മെട്രോയുടെ നാല് സ്റ്റേഷനുകളില്‍ പാര്‍ക്കിങ് ഫീസ് കുത്തനെ കൂട്ടി. ആലുവ, എംജി റോഡ്, വടക്കേകോട്ട, തൃപ്പൂണിത്തുറ സ്റ്റേഷനുകളിലാണ് ഫീസ് കൂട്ടിയത്. ഇരു ചക്രവാഹനങ്ങള്‍ക്ക് രണ്ട് മണിക്കൂറിന് അഞ്ചിൽ നിന്ന് പത്ത് രൂപയും, കാറുകൾക്ക് 15ൽ നിന്ന് 20 രൂപയാക്കിയുമാണ് ഉയര്‍ത്തിയത്. മെട്രോയിൽ യാത്ര ചെയ്യാതെ പാർക്കിങ് മാത്രം ഉപയോഗിക്കുന്നവർക്ക് ഉയർന്ന നിരക്കാണ് ഈടാക്കുന്നത്. ഇവർ ഇരുചക്ര വാഹനങ്ങൾക്ക് പ്രതിമാസം 1,500 രൂപയും കാറുകൾക്ക് പ്രതിമാസം 4,500 രൂപയോളവും നൽകേണ്ടി വരും.
വാഹനങ്ങളുടെ എണ്ണം കുത്തനെ വർധിക്കുന്നതും പാർക്കിങ് സ്ഥല സൗകര്യങ്ങളുടെ പരിമിതിയുമാണ് ഫീസ് വർധിപ്പിക്കാൻ കാരണമായി അധികൃതർ വ്യക്തമാക്കുന്നത്. നിലവിൽ ഏറ്റവും കൂടുതൽ വാഹനങ്ങൾ എത്തുന്ന നാല് സ്റ്റേഷനുകളിലാണ് നിരക്ക് കൂട്ടിയതെങ്കിലും, ബാക്കിയുള്ള 10 സ്റ്റേഷനുകളിലും ഉടൻ തന്നെ നിരക്കുവർധനവ് ബാധകമാക്കാൻ സാധ്യതയുണ്ട്.



