തിരുവനന്തപുരം: പിഎം ശ്രീ വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് സംശയാസ്പദമെന്ന് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ്. പദ്ധതിയുമായി മുന്നോട്ടു പോകാനാവില്ലെന്ന് എല്‍ഡിഎഫ് സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചിരുന്നു. അതുമറന്നാണ് യുഡിഎഫ് മുന്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്തുന്നതെന്നും സഞ്ജീവ് പറഞ്ഞു.
ആദ്യഘട്ടത്തില്‍ ഞങ്ങളെ എല്ലാവരേയും ചര്‍ച്ചയ്ക്ക് വിളിച്ചു. ഞങ്ങള്‍ അതില്‍ നിലപാടും പറഞ്ഞു. എബിവിപി ഒഴിച്ച് എല്ലാ സംഘടനകളും അതിനെ എതിര്‍ത്തു. ആ നിലപാട് തന്നെയാണ് പിന്നീടും ഉണ്ടായത്. ഞങ്ങളുടെ ആശങ്ക അറിയിച്ചു. സര്‍ക്കാര്‍ അതിനെ കുറിച്ച് പുനരാലോചനയിലാണെന്ന് പറഞ്ഞു. ഇതെല്ലാം നടക്കുന്നത് ഒന്ന് രണ്ട് ദിവസങ്ങള്‍ക്കിടയിലാണ്. ചാടിയിറങ്ങിയൊരു സമരത്തിന് ആ ഘട്ടത്തില്‍ പോയിട്ടില്ല എന്നതിനര്‍ഥം ഞങ്ങള്‍ അതിനെ അംഗീകരിച്ചു എന്നതല്ല. സര്‍ക്കാര്‍ എങ്ങനെയാണത് മൂവ് ചെയ്യുന്നതെന്ന് നോക്കുകയാണെന്നും, ഇന്നലത്തെ സ്‌റ്റേറ്റ്‌മെന്റ് സംശയാസ്പദമാണെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫ് നേതാക്കന്‍മാരും മന്ത്രി ഉള്‍പ്പടെയുള്ള ആളുകളും സൗകര്യപൂര്‍വം മറക്കുന്ന ഒരു കാര്യമാണ് എൽഡിഎഫ് സര്‍ക്കാര്‍ അതില്‍ നിന്ന് പിന്‍വാങ്ങിയിരുന്നു എന്നതെന്നും സഞ്ജീവ് ചൂണ്ടിക്കാട്ടി. ഫണ്ട് തരണമെങ്കില്‍ ഇതില്‍ ഒപ്പിട്ടേ മതിയാകൂ എന്ന ഏകാധിപത്യസ്വഭാവം സംഘപരിവാര്‍ ഉയര്‍ത്തിയതിന്റെ ഭാഗമായാണ് അതിന കുറിച്ച് ആലോചന സര്‍ക്കാര്‍ നടത്തിയത്. നമുക്ക് കിട്ടേണ്ട തുകയുമായി ബന്ധപ്പെട്ട് യാതൊരു വിട്ടുവീഴ്ചയുമുണ്ടാകേണ്ടതില്ല. അതിന് സര്‍ക്കാരിന് എല്ലാവിധ പിന്തുണയുണ്ടെന്നും സഞ്ജീവ് കൂട്ടിച്ചേർത്തു.
