തിരുവനന്തപുരം: കരമന കൂടത്തിൽ തറവാട്ടിലെ ദുരൂഹ മരണങ്ങളിൽ കാര്യസ്ഥനായ രവീന്ദ്രൻ നായരുടെ പങ്ക് അന്വേഷിക്കാൻ പൊലീസ് നീക്കം. തറവാട്ടിലെ ജയമാധവൻ നായരുടെ കൊലപാതകക്കേസിൽ രവീന്ദ്രൻ നായർ അറസ്റ്റിലായതിന് പിന്നാലെയാണ് മറ്റ് ആറ് മരണങ്ങളിലും അന്വേഷണം വ്യാപിപ്പിക്കുന്നത്. 15 വർഷത്തിനിടെ തറവാട്ടിൽ ഏഴ് പേരാണ് മരിച്ചത്.
ഒൻപത് വർഷം നീണ്ട അന്വേഷണത്തിനൊടുവിലാണ് ജയമാധവൻ നായരുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ ജില്ലാ ക്രൈംബ്രാഞ്ച് നിർണായക കണ്ടെത്തലുകളിലെത്തിയത്. 2017ലാണ് കൂടത്തിൽ തറവാട്ടിലെ അവസാന കണ്ണിയായ ജയമാധവൻ നായർ മരിച്ചത്. 2021ൽ മരണം കൊലപാതകമാണെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. തുടർന്നുള്ള അന്വേഷണത്തിനൊടുവിലാണ് തറവാട്ടിലെ കാര്യസ്ഥനായ രവീന്ദ്രൻ നായരെ പൊലീസ് അറസ്റ്റ് ചെയ്തത്.
കൊലപാതകത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം. രവീന്ദ്രൻ നായർക്കൊപ്പം അനിൽ, സജു എന്നിവർക്കും പങ്കുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. അനിൽ മരിച്ച സാഹചര്യത്തിൽ വിദേശത്തുള്ള സജുവിനെ നാട്ടിലെത്തിക്കാനുള്ള ശ്രമം അന്വേഷണസംഘം ഊർജിതമാക്കിയിട്ടുണ്ട്.
വിപുലമായ സ്വത്തുക്കളുള്ള തറവാട്ടിൽ നടന്ന മരണങ്ങൾക്കു പിന്നിൽ സ്വത്ത് കൈക്കലാക്കാനുള്ള നീക്കമുണ്ടായിരുന്നോ എന്ന സംശയം നേരത്തേ ഉയർന്നിരുന്നു. രവീന്ദ്രൻ നായർ വ്യാജ വിൽപ്പത്രം തയ്യാറാക്കിയെന്നും ജയമാധവൻ നായർ സ്വത്തുക്കൾ തന്റെ പേരിൽ എഴുതിവെച്ചതായി പ്രചരിപ്പിച്ചെന്നുമാണ് പൊലീസിന്റെ ആരോപണം. ഇതിന് മറ്റുള്ളവരുടെ സഹായം ലഭിച്ചിട്ടുണ്ടാകാമെന്നും അന്വേഷണസംഘം സംശയിക്കുന്നു.
രവീന്ദ്രൻ നായരെ ബ്രെയിൻ മാപ്പിങ് ഉൾപ്പെടെയുള്ള പരിശോധനകൾക്ക് വിധേയനാക്കിയ ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്നാണ് റിപ്പോർട്ട്. കേസിൽ കൂടുതൽ പ്രതികളുണ്ടോയെന്നും സ്വത്ത് തട്ടിയെടുക്കാനുള്ള ശ്രമങ്ങളുമായി മറ്റ് മരണങ്ങൾക്ക് ബന്ധമുണ്ടോയെന്നും പൊലീസ് പരിശോധിക്കും. തറവാട്ടിലെ മറ്റ് ആറ് മരണങ്ങളുടെയും സാഹചര്യങ്ങൾ വിശദമായി അന്വേഷിക്കാനാണ് നീക്കം.



