ദുബൈ: അടിയന്തരാവസ്ഥ കാലത്തെ നോവായി മാറിയ രാജൻ കേസിലെ ഏക സാക്ഷിയായിരുന്ന പ്രൊഫ. കെ.കെ അബ്ദുൽ ഗഫാർ അന്തരിച്ചു. രാജന് വേണ്ടി കക്കയം ക്യാമ്പിലും കോടതിയിലും സാക്ഷി പറഞ്ഞു. രാജനെ അവസാനമായി കണ്ടവരിൽ ഒരാളായിരുന്നു പ്രൊഫ. ഗഫാർ. ഞാൻ സാക്ഷി എന്ന ഗഫാറിന്റെ ആത്മകഥയും ഇത് വ്യക്തമാക്കുന്നതാണ്. അവസാന വർഷ മെക്കാനിക്കൽ എഞ്ചിനീയറിങ് വിദ്യാർഥിയായിരുന്ന രാജന്റെ അധ്യാപകൻ കൂടിയായിരുന്നു പ്രൊഫ. ഗഫാർ. യു.എ.ഇയിലെ ആദ്യ സ്വകാര്യ മെഡിക്കൽ കോളജ് സ്ഥാപിക്കുന്നതിൽ നിർണായക പങ്ക് വഹിച്ച വ്യക്തിയാണ്. അജ്മാനിലെ ഗൾഫ് മെഡിക്കൽ യൂനിവേഴ്സിറ്റിയുടെ സീനിയർ ഡയറക്ടറും കമ്മീഷനിങ് ലീഡുമായി പ്രവർത്തിച്ചിരുന്നു. നേരത്തേ, ഗശഫ് മെഡിക്കൽ കോളജ് എന്ന് അറിയപ്പെട്ടിരുന്ന സ്ഥാപനത്തെ ഗൾഫ് മേഖലയിലെ മികച്ച മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനമായി വളർത്തിയെടുക്കുന്നതിൽ പ്രഫ. ഗഫാർ നിർണായക പങ്ക് വഹിച്ചു. ഇന്ത്യയിലും ഗൾഫിലും മെഡിക്കൽ-എൻജിനീയറിങ് വിദ്യാഭ്യാസ മേഖലയിൽ വലിയ സംഭാവനകളും ഗഫാർ നൽകിയതായി അധികൃതർ കൂട്ടിച്ചേർത്തു.



