പൂനെ കൊലപാതകം:’; പ്രതി സിയയുടെ വാദം തള്ളി കേതന്റെ പിതാവ്

പൂനെ: പൂനെയിലെ വ്യവസായി കേതൻ അഗർവാളിൻ്റെ കൊലപാതകത്തിൽ പ്രതികരണവുമായി പിതാവും പ്രമുഖ ബിൽഡറുമായ വിശാൽ അഗർവാൾ. കൊലയ്ക്ക് കാരണമായത് കേതന്‍ വിഗ് ഉപയോഗിക്കുന്നതായിരുന്നു എന്ന പ്രതി സിയ ഗോയലിന്റെ വാദം തള്ളിയാണ് പിതാവ് രംഗത്തെത്തിയിരിക്കുന്നത്. ചെറിയ പ്രായത്തില്‍ തന്നെ മകന്റെ മുടികൊഴിയുന്നുണ്ടെന്ന കാര്യം സിയ ഗോയലിനോടും കുടുംബത്തോടും നേരത്തേ തന്നെ തുറന്നു സംസാരിച്ചിരുന്നതായി കേതന്റെ പിതാവ് പറഞ്ഞു. ആരോഗ്യപരമായ കാരണങ്ങളാല്‍ കേതന് മുടികൊഴിച്ചിലുണ്ടായിരുന്നു. അത് സിയയോട് മുന്‍പ് തന്നെ പറഞ്ഞിരുന്നു. ഇനി അതായിരുന്നു കാരണമെങ്കില്‍ വിവാഹത്തില്‍ നിന്ന് പിന്‍മാറിയാല്‍ മതിയായിരുന്നല്ലോ എന്നും അദ്ദേഹം ചോദിച്ചു.

ജൂണ്‍ പതിനെട്ടിനാണ് പൂനെ സ്വദേശിയായ വ്യവസായി കേതന്‍ വിശാല്‍ അഗര്‍വാള്‍ ലോഹഗഡ് ഫോര്‍ട്ടില്‍വെച്ച് കൊല്ലപ്പെട്ടത്. ഫോട്ടോ എടുക്കുന്നതിനിടെ അബദ്ധത്തില്‍ വീണതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. പ്രതിശ്രുത വധു സിയ ഗോയല്‍ തന്നെയായിരുന്നു കേതന്‍ മരിച്ച വിവരം കുടുംബത്തെയും പൊലീസിനെയും അറിയിച്ചിരുന്നത്. കേതന്‍ അബദ്ധത്തില്‍ കാല്‍ വഴുതി വീണതാണെന്നായിരുന്നു സിയ പറഞ്ഞത്. എന്നാല്‍ കേതന്റെ വീട്ടുകാര്‍ സംശയം പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞത്.

കേതന്റെ മരണം പുറംലോകമറിഞ്ഞതോടെ വൈകാരികമായൊരു കുറിപ്പും സിയ പങ്കുവെച്ചിരുന്നു. ആഴ്ചകള്‍ക്കപ്പുറം തന്റെ ഭര്‍ത്താവാകേണ്ടിയിരുന്ന ആളെ നഷ്ടപ്പെട്ടന്നാണ് കുറിപ്പില്‍ പറഞ്ഞത്. ‘എന്റെ ജന്മദിനത്തിലാണ് നീ വിട്ടുപിരിയുന്നത്. നമ്മള്‍ വിവാഹിതരാവാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് നീ പോയത്. എന്നോട് നീ എന്തിനിത് ചെയ്തുവെന്ന് എനിക്കിപ്പോഴും മനസ്സിലാവുന്നില്ല. എനിക്ക് സ്വപ്നങ്ങളുണ്ടായിരുന്നു, ഒരിക്കലും ഉത്തരം കിട്ടാത്ത ചോദ്യങ്ങളും. നിന്നെ ഞാന്‍ ഇത്രയുമധികം സ്‌നേഹിച്ചിട്ടും എന്തിനാണ് നീയെന്നെ വിട്ടുപോയത്. റെസ്റ്റ് ഇന്‍ പീസ്’ എന്നായിരുന്നു സിയ പങ്കുവെച്ച പോസ്റ്റ്

കേതനും സിയയും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞ ഫെബ്രുവരിയിലാണ് നടന്നത്. വരുന്ന നവംബര്‍ 25ന് ഇവരുടെ വിവാഹം നടക്കാനിരിക്കുകയായിരുന്നു. ജയ്പൂരില്‍ കൊട്ടാരവും അതിഥികള്‍ക്കായി രണ്ട് ചാര്‍ട്ടേഡ് വിമാനങ്ങളും വരെ വിവാഹത്തിനായി ബുക്ക് ചെയ്ത് കാത്തിരിക്കുന്നതിനിടയിലാണ് അരുംകൊല നടന്നത്. സിയയുടെ ജന്മദിനം ആഘോഷിക്കാനായി മഹാബലേശ്വറിലേക്ക് യാത്ര പോകാനും കേതന്‍ പദ്ധതിയിട്ടിരുന്നു. അതേസമയം മകള്‍ കുറ്റക്കാരിയാണെന്ന് തെളിഞ്ഞാല്‍ തൂക്കുകയര്‍ നല്‍കണമെന്നായിരുന്നു സിയയുടെ മാതാവ് പ്രതികരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *