കൗമാര ഫുട്ബോൾ ആവേശത്തിലേക്ക് ഖത്തർ

ദോഹ: ഫുട്‌ബോളിന്റെ ആവേശത്തിലേക്ക് ഖത്തർ. 2026ലെ ഫിഫ അണ്ടർ സെവന്റീൻ ലോകകപ്പിന്റെ തിയ്യതി പ്രഖ്യാപിച്ചു. നവംബർ 19 മുതൽ ഡിസംബർ 13 വരെ ദോഹ ആസ്പയർ സോണിലെ അത്യാധുനിക സ്റ്റേഡിയങ്ങൾ പോരാട്ടങ്ങൾക്കു വേദിയാകും. ഫിഫയും ലോക്കൽ ഓർഗനൈസിങ് കമ്മിറ്റിയും ചേർന്നാണ് തിയ്യതി പ്രഖ്യാപിച്ചത്. 2029 വരെ തുടർച്ചയായി ഖത്തർ തന്നെയാണ് അണ്ടർ 17 ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്. 48 രാജ്യങ്ങൾ കൗമാര ലോകകപ്പിൽ മാറ്റുരയ്ക്കും. മേയ് 21ന് സ്വിറ്റ്‌സർലൻഡിലെ സൂറിച്ചിലാണ് ടൂർണമെന്റിന്റെ ഗ്രൂപ്പ് നറുക്കെടുപ്പ്. ഖലീഫ അന്താരാഷ്ട്ര സ്റ്റേഡിയമാണ് കലാശപ്പോരാട്ടത്തിന് വേദിയാകുക. കഴിഞ്ഞ വർഷം 15 ദിവസങ്ങളിലാണ് അണ്ടർ 17 ലോകകപ്പ് അരങ്ങേറിയത്. ആകെ 104 മത്സരങ്ങൾ കാണാൻ 197,460 കാണികളെത്തി. കാണികൾക്കു പുറമേ, ഭാവി ഫുട്‌ബോൾ താരങ്ങളെ റാഞ്ചാൻ വമ്പൻ ക്ലബുകളിൽ നിന്നുള്ള സ്‌കൗട്ടുകളും ദോഹയിലെത്തും. ഫാൻ സോണിലെ സാംസ്‌കാരിക പരിപാടികളോടെ കെങ്കേമമായാണ് ഇത്തവണയും ടൂർണമെന്റ് സംഘടിപ്പിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *