ചെന്നൈ: എം കെ സ്റ്റാലിന്റെ പദ്ധതികളെ പുകഴ്ത്തി രാഹുൽ ഗാന്ധി. കന്യാകുമാരി കൊളച്ചലിൽ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങൾക്കും ഒരേ അവകാശമാണെന്നും ,ഭരണ ഘടന പറയുന്നത് അതാണെന്നും, എന്നാൽ ബിജെപിക്ക് അത് അംഗീകരിക്കാൻ സാധിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. തമിഴ്‌നാടിനെ ഡൽഹിയിൽ ഇരുന്നു ഭരിക്കാനാണ് ശ്രമിക്കുന്നത്. ഞങ്ങൾ തമിഴ്‌നാടിനെ തമിഴ്‌നാട്ടിൽ ഇരുന്ന് ഭരിക്കാനാണ് ആഗ്രഹിക്കുന്നത്. ഇത് നേരിട്ട് പറയാൻ ബിജെപിക്ക് ധൈര്യമില്ല. അതിനുവേണ്ടി ഒരു കക്ഷിയെ കൂടെക്കൂട്ടി. എഐഎഡിഎംകെ തമിഴ്‌നാട്ടിലെ ഏറ്റവും പ്രധാനപ്പെട്ട പാർട്ടിയാണ്. എന്നാൽ ഇപ്പോഴത്തെ എഐഎഡിഎംകെ ബിജെപിയുടെ ഉപകരണം മാത്രമായി. അതിന്റെ നേതൃത്വം ബിജെപിക്ക് കീഴടങ്ങിയെന്നും അദ്ദേഹം പറഞ്ഞു.
അഴിമതിയാണ് അതിന്റെ കാരണം. ട്രംപ് മോദിയെ എങ്ങനെയാണോ നിയന്ത്രിക്കുന്നത് ,അതുപോലെ മോദി എടപ്പാടി കെ പളനിസ്വാമിയെ നിയന്ത്രിക്കുകയാണ്. എന്നാൽ തമിഴർ ഒരിക്കലും കീഴടങ്ങില്ല. അത് ആർഎസ്എസിന് അറിയാം. വനിതാ സംവരണ ബില്ലിലൂടെ മോദിയുടെ പദ്ധതി വേറെ ആയിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദേശവിരുദ്ധ പദ്ധതി ആയതുകൊണ്ടാണ് നമ്മൾ അതിനെ തോൽപ്പിച്ചത്. ഇത്തരം ഏത് ബില്ല് വന്നാലും തോൽപ്പിക്കുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. തമിഴ്നാടുമായി രാഷ്ട്രീയത്തിനതീതമായി ബന്ധമാണുള്ളതെന്നും ,താൻ ഇവിടെ ജനിച്ച ആളാണെന്നും തമിഴ് ഭാഷയ്ക്കു വേണ്ടിയും തമിഴ് സംസ്കാരത്തിന് വേണ്ടിയും പോരാടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
