കുട്ടനാട്ടിലെ നോട്ടിന് വോട്ട് ആരോപണം കള്ള പ്രചരണമെന്ന് യുഡിഎഫ് സ്ഥാനാർത്ഥി റെജി ചെറിയാൻ

ആലപ്പുഴ: കുട്ടനാട്ടിലെ വോട്ടിന് നോട്ട് ആരോപണത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥി തോമസ് കെ തോമസിനെതിരെ രൂക്ഷ വിമർശനവുമായി യുഡിഎഫ് സ്ഥാനാർത്ഥി റെജി ചെറിയാൻ രംഗത്ത്. നിയമസഭാ തിരഞ്ഞെടുപ്പിന്റെ തുടക്കം മുതൽ തന്നെ തോമസ് കെ തോമസ് തനിക്കെതിരെ കള്ള പ്രചാരണങ്ങൾ നടത്തിവരികയാണെന്നും റെജി ചെറിയാൻ ആരോപിച്ചു. എൽഡിഎഫ് പരാതിക്കൊപ്പം നൽകിയ വീഡിയോ വർഷങ്ങൾ പഴക്കമുള്ളതാണെന്നും താൻ ഹാഫ് കൈ ഷർട്ട് ഉപേക്ഷിച്ചിട്ട് ഒരുപാട് കാലമായെന്നും അദ്ദേഹം വ്യക്തമാക്കി. ഫേസ്ബുക്ക് പേജിൽ നിന്നും എടുത്ത വീഡിയോ ഉപയോഗിച്ചാണ് ഇത്തരത്തിൽ വ്യാജ പ്രചാരണം നടത്തുന്നത്. എൽഡിഎഫ് സ്ഥാനാർത്ഥി തോമസ് കെ തോമസിന് മാനസിക അസ്വാസ്ഥ്യമാണ് ഇതിന് ചികിത്സ തേടണമെന്ന് അദ്ദേഹം പരിഹസിച്ചു. താൻ ഗൂഗിൾ പേ ഉപയോഗിക്കാറില്ലെന്നും ഈ കള്ള ആരോപണങ്ങൾ തെളിയിക്കാൻ വെല്ലുവിളിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൊലപാതകി എന്നടക്കമുള്ള വ്യാജപ്രചാരണം നടത്തിയവർക്കെതിരെ പരാതി നൽകിയിട്ടുണ്ട്. തോമസ് ചാണ്ടിയുടെ വികസന നേട്ടങ്ങൾ എല്ലാം തോമസ് കെ തോമസ് നശിപ്പിച്ചെന്നും കുട്ടനാട്ടിൽ യുഡിഎഫിന് വമ്പിച്ച വിജയം കരസ്ഥമാക്കാൻ കഴിയുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. വോട്ടിന് നോട്ട് കേസിൽ മാനനഷ്ടത്തിന് തിരഞ്ഞടുപ്പ് കമ്മീഷനടക്കം പരാതി നൽകിയെന്നും അദ്ദേഹം പറഞ്ഞു. നിയമപോരാട്ടത്തിലൂടെ ഇതിനെല്ലാം മറുപടി പറയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *