ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയായി അധികാരമേറ്റതിന് പിന്നാലെ, തന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ നടപ്പിലാക്കാനുള്ള തീവ്രശ്രമത്തിലാണ് വിജയ്. സംസ്ഥാനത്തിന്റെ വലിയ കടബാധ്യതകൾക്കിടയിലും വിദ്യാഭ്യാസത്തിനും യുവജനക്ഷേമത്തിനും ഊന്നൽ നൽകുന്ന വൻ പദ്ധതികളാണ് പ്രകടനപത്രികയിൽ അദ്ദേഹം മുന്നോട്ട് വെച്ചിരിക്കുന്നത്. സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയിൽ വലിയ മാറ്റങ്ങൾ ലക്ഷ്യമിടുന്ന പദ്ധതികളാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്.
കാമരാജ് മോഡൽ സ്കൂളുകൾ: വിദ്യാഭ്യാസ വിപ്ലവത്തിന് തുടക്കമിട്ട കെ. കാമരാജിന്റെ സ്മരണാർത്ഥം സംസ്ഥാനത്തുടനീളം 100 പ്രത്യേക റെസിഡൻഷ്യൽ സ്കൂളുകൾ സ്ഥാപിക്കും.
പഠനസഹായം: സ്കൂളുകളിൽ നിന്നുള്ള കൊഴിഞ്ഞുപോക്ക് തടയുന്നതിനായി സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ പഠിക്കുന്ന കുട്ടികളുടെ അമ്മമാർക്കോ രക്ഷിതാക്കൾക്കോ വർഷം തോറും 15,000 രൂപ നൽകും.
ഉന്നതവിദ്യാഭ്യാസ വായ്പ: ഉന്നതപഠനത്തിനായി വിദ്യാർത്ഥികൾക്ക് 20 ലക്ഷം രൂപ വരെ വിദ്യാഭ്യാസ വായ്പ ലഭ്യമാക്കും.
ആധുനിക സാങ്കേതികവിദ്യ: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) മേഖലയ്ക്ക് മുൻഗണന നൽകിക്കൊണ്ട് പ്രത്യേക ഐടി മന്ത്രാലയവും എഐ സർവ്വകലാശാലയും എഐ സിറ്റിയും സ്ഥാപിക്കുമെന്നും വാഗ്ദാനമുണ്ട്.
