കൊൽക്കത്ത: ബംഗാളിലെ സൗത്ത് 24 പര്‍ഗാനാസ് ജില്ലയിലെ ഫാല്‍ത മണ്ഡലത്തില്‍ ഇന്ന് റീപോളിങ് നടക്കും. മണ്ഡലത്തിലെ 285 പോളിങ് സ്റ്റേഷനുകളിലാണ് റീപോളിങ് നടക്കുന്നത്. മെയ് 24ന് വോട്ടെണ്ണും. ഏപ്രില്‍ 29ന് നടന്ന വോട്ടെടുപ്പില്‍ കള്ളവോട്ടും ബൂത്ത് പിടിത്തവും ഉള്‍പ്പെടെ വ്യാപക അട്ടിമറി നടന്നെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചൂണ്ടിക്കാട്ടിയിരുന്നു. വോട്ടെടുപ്പ് തട്ടിപ്പും ക്രമക്കേടുകളും സംബന്ധിച്ച പരാതികളെ തുടർന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ തന്നെയാണ് എല്ലാ ബൂത്തുകളിലും വീണ്ടും വോട്ടെടുപ്പ് നടത്താൻ ഉത്തരവിട്ടത്. കർശന സുരക്ഷാ സന്നാഹങ്ങളോടെയാണ് വോട്ടെടുപ്പ് നടക്കുന്നത്.
ഓരോ ബൂത്തിലും 8 വീതം കേന്ദ്രസേനാംഗങ്ങളെ വിന്യസിച്ചിട്ടുണ്ട്. കൂടാതെ 30 ക്വിക്ക് റെസ്‌പോൺസ് ടീമുകളും സജ്ജമാണ്.
തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥി ജഹാംഗീർ ഖാൻ പിന്മാറ്റം പ്രഖ്യാപിച്ചെങ്കിലും നിയമപരമായ നടപടികൾ പൂർത്തിയായതിനാൽ അദ്ദേഹത്തിന്റെ പേര് ഇവിഎമ്മിൽ ഉണ്ടാകും. ബിജെപിക്കായി ദേബാംഗ്ഷു പാണ്ഡ, കോൺഗ്രസിനായി അബ്ദുൾ റസാഖ് മൊല്ല, സിപിഐഎമ്മിനായി ശംഭുനാഥ് കുർമി എന്നിവരും മത്സരരംഗത്തുണ്ട്. ഏപ്രില്‍ 23നും 29നുമായി രണ്ട് ഘട്ടമായാണ് ബംഗാളില്‍ വോട്ടെടുപ്പ് നടന്നത്. ആകെ 294 സീറ്റില്‍ 207ഉം നേടി ബിജെപി അധികാരത്തിലേറിയിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസിന് 80 സീറ്റ് മാത്രമേ നേടാൻ കഴിഞ്ഞിരുന്നുള്ളൂ
മത്സരത്തില്‍ നിന്ന് പിന്മാറുകയാണെന്ന് പ്രഖ്യാപിച്ച് കഴിഞ്ഞ ദിവസം തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ജഹാംഗീര്‍ ഖാന്‍ പാര്‍ട്ടിയെ വെട്ടിലാക്കിയിരുന്നു. മുഖ്യമന്ത്രി സുവേന്ദു അധികാരി ഫാല്‍ത മണ്ഡലത്തിന് വേണ്ടി പ്രത്യേക പാക്കേജ് പ്രഖ്യാപിക്കുമെന്ന് ഉറപ്പുനല്‍കിയിട്ടുണ്ടെന്നും അതിനാലാണ് പിന്മാറുന്നതെന്നുമാണ് ജഹാംഗീര്‍ ഖാന്‍ പറഞ്ഞത്. സ്ഥാനാര്‍ഥിയുടെ പിന്മാറ്റം മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയായി.
സ്ഥാനാര്‍ഥി പിന്മാറാനുണ്ടായ കാരണമെന്താണെന്ന് അറിയില്ലെന്നാണ് തൃണമൂല്‍ വക്താവ് അരൂപ് ചക്രവര്‍ത്തി പ്രതികരിച്ചത്. തെരഞ്ഞെടുപ്പ് കമ്മീഷനും ബിജെപിയും ഒത്തുകളിച്ചാണ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പില്‍ വിജയിച്ചതെന്ന ആരോപണം ഉയര്‍ത്തുന്ന മമതാ ബനര്‍ജിക്ക് സ്ഥാനാര്‍ഥിയുടെ പിന്മാറ്റം കനത്ത തിരിച്ചടിയാണ്. ഏപ്രില്‍ 23നും 29നുമായി രണ്ട് ഘട്ടമായാണ് ബംഗാളില്‍ വോട്ടെടുപ്പ് നടന്നത്. ആകെ 294 സീറ്റില്‍ 207ഉം നേടി ബിജെപി അധികാരത്തിലേറിയിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസിന് 80 സീറ്റ് നേടാന്‍ മാത്രമേ കഴിഞ്ഞുള്ളൂ.
