സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ് എംഎൽഎമാർ

തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയിലെ നിയുക്ത എംഎൽഎമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പ്രോ ടേം സ്പീക്കർ ജി. സുധാകരന് മുന്നിലാണ് എംഎൽഎമാർ സത്യപ്രതിജ്ഞ ചെയ്തത്. രാവിലെ ഒൻപത് മണിയോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. അംഗങ്ങളുടെ പേരിന്റെ അക്ഷരമാലാക്രമത്തിലായിരുന്നു സത്യപ്രതിജ്ഞ. ഇന്ന് സത്യപ്രതിജ്ഞ ചെയ്യാത്തവര്‍ക്ക് നാളെ നടക്കുന്ന സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനാകില്ല.

കളമശ്ശേരി എംഎൽഎയും ഫിഷറീസ് വകുപ്പ് മന്ത്രിയുമായ വി.ഇ അബ്ദുൾ ഗഫൂർ ആയിരുന്നു ആദ്യം സത്യപ്രതിജ്ഞ ചെയ്തത്.മഞ്ചേശ്വരം എംഎല്‍എ എകെഎം അഷ്‌റഫ് സത്യപ്രതിജ്ഞയില്‍ വ്യത്യസ്തനായി. കന്നട ഭാഷയിലാണ് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്തത്. തൃത്താലയിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട വി.ടി ബല്‍റാമും സത്യപ്രതിജ്ഞാ ചടങ്ങിൽ വ്യത്യസ്തത കൊണ്ട് ശ്രദ്ധേയനായി. യുഡിഎഫിൽ നിന്നുള്ള യുവ എംഎൽഎമാർ ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്തപ്പോൾ വി. ടി ബൽറാം സഗൗരവമാണ് സത്യപ്രതിജ്ഞ ചെയ്തത്. മൂന്നാം തവണയാണ് വി.ടി ബല്‍റാം നിയമസഭയിലേക്ക് എത്തുന്നത്.

അതേസമയം മന്ത്രിമാരുടെ വകുപ്പുകള്‍ സംബന്ധിച്ചും ഇന്നലെ ധാരണയായി. മന്ത്രിമാര്‍ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേര്‍ക്കും. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വിളിച്ചുചേര്‍ത്ത ഉന്നതതല പൊലീസ് യോഗം ശനിയാഴ്ച ചേരും. ക്രമസമാധാന നില വിലയിരുത്തും. രമേശ് ചെന്നിത്തല നേരിട്ട് യോഗത്തിനെത്തുമെന്നാണ് അറിയിച്ചത്. പൊലീസ് ആസ്ഥാനത്ത് ചേരുന്ന യോഗത്തില്‍ ജില്ലാ പൊലീസ് മേധാവിമാര്‍ മുതല്‍ ഡിജിപി വരെ പങ്കെടുക്കും. ക്രമസമാധാനം, മയക്കുമരുന്ന്, ഗുണ്ടാ ആക്രമണങ്ങള്‍ എന്നിവ ചര്‍ച്ചയാകും. പൊലീസ് മര്‍ദനങ്ങളിലെ സര്‍ക്കാര്‍ നിലപാടും അറിയിക്കും.

Leave a Reply

Your email address will not be published. Required fields are marked *