രോഹിത് ശർമയുടെ ഏകദിന ഭാവിയെ കുറിച്ച് വ്യക്തത വരുത്തേണ്ടത് ശുഭ്മാൻ ഗിൽ

മുംബൈ: 2027 ഏകദിന ലോകകപ്പിന് ഒരു വർഷം മാത്രം ബാക്കിനിൽക്കെ, ഇന്ത്യൻ താരം രോഹിത് ശർമയുടെ കരിയറിനെക്കുറിച്ചുള്ള അനിശ്ചിതത്വം തുടരുകയാണ്. ടി20, ടെസ്റ്റ് ക്രിക്കറ്റുകളിൽ നിന്ന് വിരമിച്ച രോഹിത്, 2027 ലോകകപ്പിൽ കളിക്കാനുള്ള തന്റെ താൽപ്പര്യം വ്യക്തമാക്കിക്കഴിഞ്ഞു. നിലവിൽ 39 വയസ്സുള്ള താരം, ലോകകപ്പ് തുടങ്ങുമ്പോൾ 40-ാം വയസ്സിലേക്ക് കടക്കും. ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ അവസാന ഏകദിനത്തിന് മുന്നേ രോഹിത് വിരമിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ വന്നിരുന്നെങ്കിലും, ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയ ഈ അഭ്യൂഹങ്ങൾ തള്ളിക്കളയുകയായിരുന്നു.

അതേസമയം, തന്റെ അവസാന മത്സരമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്ന മത്സരത്തിൽ 110 പന്തിൽ 138 റൺസിന്റെ തകർപ്പൻ സെഞ്ച്വറിയുമായി രോഹിത് തിളങ്ങിയിരുന്നു. ഇത് ആരാധകർക്ക് വലിയ പ്രതീക്ഷയാണ് നൽകുന്നത്. രോഹിതിനെ ലോകകപ്പ് പദ്ധതികളിൽ നിലനിർത്താൻ ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ, സെലക്ടർമാരെയും കോച്ചിനെയും ബോധ്യപ്പെടുത്തേണ്ടതുണ്ടെന്ന് മുഹമ്മദ് കൈഫ് അഭിപ്രായപ്പെട്ടു.

യൂട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം… ”ഇത് കാത്തിരുന്നു കാണേണ്ട സാഹചര്യമാണ്. ഒരുപാട് ആശയക്കുഴപ്പങ്ങളുണ്ട്, എന്നാൽ അതിൽ വ്യക്തത വരേണ്ടതുണ്ട്. രോഹിതിനെ 2027 ലോകകപ്പിൽ തനിക്ക് ഒപ്പം വേണമെന്ന് ആവശ്യപ്പെട്ട് ഗിൽ പരസ്യമായി പ്രസ്താവന നടത്തണം. ടീം രൂപീകരിക്കുമ്പോൾ ക്യാപ്റ്റന്റെ പങ്ക് വളരെ വലുതാണ്. കളിയെക്കുറിച്ച് സെലക്ടർമാരേക്കാൾ കൂടുതൽ താരങ്ങൾക്ക് പരസ്പരം അറിയാം. ടൂർണമെന്റിൽ രോഹിതിന് നിർണായക പങ്ക് വഹിക്കാൻ കഴിയുമെന്ന് അദ്ദേഹം കോച്ചിനെയും സെലക്ടർമാരെയും ബോധ്യപ്പെടുത്തേണ്ടതുണ്ട്.’ കൈഫ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *