കൊൽക്കത്ത: പശ്ചിമ ബംഗാളിൽ സ്കൂളുകൾക്ക് പിന്നാലെ മദ്രസകളിലും ദേശീയഗീതമായ വന്ദേമാതരം നിർബന്ധമാക്കി ബിജെപി സർക്കാരിൻ്റെ ഉത്തരവ്. സംസ്ഥാനത്തെ മുഴുവൻ മദ്രസകളിലും രാവിലെ നടക്കുന്ന അസംബ്ലികളിൽ വന്ദേമാതരം ആലപിക്കണമെന്ന് സംസ്ഥാന സർക്കാരിന് കീഴിലുള്ള മദ്രസ ഡയറക്ടറേറ്റ് പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു. ന്യുനപക്ഷകാര്യ, മദ്രസ വിദ്യാഭ്യാസ വകുപ്പിന് കീഴിൽ വരുന്ന മുഴുവൻ എയ്ഡഡ്, അൺ എയ്ഡഡ് മദ്രസകൾക്കും ഉത്തരവ് ബാധകമാകും. പശ്ചിമ ബംഗാളിലെ എല്ലാ സ്‌കൂളുകളിലും വന്ദേമാതരം ആലപിക്കുന്നത് സംസ്ഥാന സര്‍ക്കാര്‍ നിര്‍ബന്ധമാക്കി ഒരാഴ്ച പിന്നിടുമ്പോഴാണ് പുതിയ നിര്‍ദ്ദേശം.
സംസ്ഥാനത്തെ സ്കൂളുകളിൽ വന്ദേമാതരത്തിന്റെ ആറ് ഖണ്ഡികകളും ആലപിക്കുന്നത് നിർബന്ധമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് മദ്രസകൾക്കും സമാന ഉത്തരവ് പുറപ്പെടുവിച്ചത്. രാവിലെ ക്ലാസുകൾക്ക് മുന്നോടിയായി നടക്കുന്ന അസംബ്ലികളിൽ വന്ദേ മാതരത്തിൻ്റെ ആറ് ഖണ്ഡികകളും ആലപിക്കണമെന്നാണ് സ്കൂളുകൾക്കായി പുറപ്പെടുവിച്ച ഉത്തരവിൽ വ്യക്തമാക്കിയിരുന്നത്.
ബംഗാളിൽ സുവേന്ദു അധികാരിയുടെ നേതൃത്വത്തിൽ പുതിയ ബിജെപി സർക്കാർ അധികാരമേറ്റതിന് പിന്നാലെയാണ് ഉത്തരവുകൾ ഉണ്ടായത്.
എല്ലാ വിദ്യാര്‍ത്ഥികളും ദേശീയ ഗാനാലാപനത്തില്‍ പങ്കെടുക്കണമെന്നും നിര്‍ദേശം കര്‍ശനമായി പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കാന്‍ സ്ഥാപന മേധാവികള്‍ക്ക് നിര്‍ദേശം നല്‍കിയതായും ഉത്തരവില്‍ പറഞ്ഞിരുന്നു. കൂടാതെ സ്‌കൂളുകളില്‍ വന്ദേമാതരം ആലപിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കുന്നതിനായി വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തി സൂക്ഷിക്കാനും സ്‌കൂള്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
