പൂരാവേശത്തിലേക്ക് തൃശൂർ; ഇന്ന് കൊടിയേറ്റ്

തൃശൂർ: തൃശൂർ പൂരത്തിന് ഇന്ന് കൊടിയേറും. ഒരുക്കങ്ങൾ അവസാന ഘട്ടത്തിലാണ്. രാവിലെ 11 മണിയോടെ തിരുവമ്പാടിയിലാണ് ആദ്യം കൊടിയേറുന്നത്. തൊട്ടുപിന്നാലെ പതിനൊന്നേ കാലോടെ പാറമേക്കാവിലും പൂരം കൊടിയേറ്റ് ചടങ്ങ് നടക്കും. ഇതിനൊപ്പം എട്ട് ഘടക ക്ഷേത്രങ്ങളിലും പൂരം കൊടിയേറും. ഇതോടെ തൃശൂർ പൂരാവേശത്തിലേക്ക് കടക്കും. പാരമ്പര്യ അവകാശികളായ ചെമ്പിൽ വീട്ടിലെ കുട്ടൻ ആചാരി ഒരുക്കുന്ന കൊടിമരത്തിലാണ് ചടങ്ങുകൾ നടക്കുക. വലിയപാണിക്ക് ശേഷം തട്ടകക്കാർ ക്ഷേത്രത്തിൽ കൊടിമരം ഉയർത്തും. സിംഹരൂപം ആലേഖനം ചെയ്ത കൊടിക്കൂറയാണ് ഭഗവതിയുടെ സാന്നിദ്ധ്യത്തിൽ ഉയർത്തുക. ക്ഷേത്രസമുച്ചയത്തിലെ പാലമരത്തിലും കൊടി ഉയർത്തും.

26നാണ് പ്രസിദ്ധമായ തൃശൂർ പൂരം. തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളുടെ ആനച്ചമയ പ്രദർശനത്തിനു 24ന് തുടക്കമാകും. കൗസ്തുഭം ഓ‍ഡിറ്റോറിയത്തിലാണ് തിരുവമ്പാടിയുടെ ചമയപ്രദർശനം. 25ന് നെയ്തലക്കാവിലമ്മ വടക്കുന്നാഥ ക്ഷേത്രത്തിലെത്തി തെക്കേഗോപുര നടയിലൂടെ പുറത്തിറങ്ങുന്ന പൂരം വിളംബര ചടങ്ങ്. ഘടക ക്ഷേത്രങ്ങളുടെ പൂരം വരവ്, മഠത്തിൽവരവ് പഞ്ചവാദ്യം, ഇലഞ്ഞിത്തറ മേളം, കുടമാറ്റം എന്നിവയും പുലർച്ചെ പ്രധാന വെടിക്കെട്ടും പൂര ദിനം നടക്കും.

Leave a Reply

Your email address will not be published. Required fields are marked *