കൊച്ചി : ഒരേ ദിവസം തിയറ്ററുകളിലെത്തുന്ന രണ്ട് ബിഗ് കാൻവാസ് ചിത്രങ്ങൾ കേരളത്തിൽ വിതരണം ചെയ്യുന്നത് ഒരേ കമ്പനി. സൂര്യ നായകനായ വിശ്വനാഥ് ആൻഡ് സൺസ്, വിശാൽ നായകനായ മകുടം എന്നീ ചിത്രങ്ങൾ കേരളത്തിൽ പ്രദർശനത്തിന് എത്തിക്കുന്നത് ന്യൂ സൂര്യ ഫിലിംസ് ആണ്. ഓഗസ്റ്റ് 14 ന് ആണ് രണ്ട് ചിത്രങ്ങളുടെയും റിലീസ്. മകുടം തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നത് വിശാൽ തന്നെയാണ്. വിശ്വനാഥ് ആൻഡ് സൺസ് സംവിധാനം ചെയ്തിരിക്കുന്നതാവട്ടെ ലക്കി ഭാസ്കർ അടക്കം ഒരുക്കിയ തെലുങ്ക് സംവിധായകൻ വെങ്കി അറ്റ്ലൂരിയും. മലയാളി താരം മമിത ബൈജുവാണ് വിശ്വനാഥ് ആൻഡ് സൺസിൽ സൂര്യയുടെ നായികയായി എത്തുന്നത്. ഫോർച്യൂൺ ഫോർ സിനിമാസുമായി ചേർന്ന്, സിതാര എൻറർടെയ്ൻമെൻറ്സിൻറെ ബാനറിൽ സൂര്യദേവര നാഗ വംശി, സായ് സൗജന്യ എന്നിവരാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ശ്രീകര സ്റ്റുഡിയോസ് ആണ് ചിത്രം അവതരിപ്പിക്കുന്നത്. ജി വി പ്രകാശ് കുമാർ ആണ് ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം പകർന്നത്. നേരത്തെ പുറത്ത് വന്ന, ചിത്രത്തിലെ പട്ടാമ്പൂച്ചി എന്ന ആദ്യ ഗാനം സൂപ്പർ ഹിറ്റായി മാറിയിരുന്നു. റിലീസിന് മുൻപ് തന്നെ 300 കോടിയുടെ ബിസിനസ് നടത്തി റെക്കോർഡ് സൃഷ്ടിച്ചു കൊണ്ടും ഈ ചിത്രം വാർത്തകളിൽ നിറഞ്ഞിരുന്നു. സൂര്യയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ പ്രീ റിലീസ് ബിസിനസ് ആണ് ചിത്രം നേടിയത്.
ഒരേ ദിവസം രണ്ട് വമ്പൻ ചിത്രങ്ങൾ; കേരളത്തിലെ വിതരണം ന്യൂ സൂര്യ ഫിലിംസ്
