കണ്ണൂർ: കണ്ണൂർ ടൗൺ സ്റ്റേഷനിലെത്തിയപരാതിക്കാരിയോട് മോശമായി പെരുമാറിയെന്ന ആരോപണത്തിൽ കണ്ണൂർ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ശ്രീജിത്ത് കൊടേരിക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ. ശ്രീജിത്ത് കൊടേരി കണ്ണൂർ ടൗൺ എസ്എച്ച്ഒ ആയിരിക്കെയാണ് പരാതിക്ക് ആധാരമായ സംഭവം. സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
സാമ്പത്തിക തിരിമറി ആരോപണവുമായി ബന്ധപ്പെട്ട കേസിൽകാര്യങ്ങൾ പറയാനുണ്ടെന്ന് അറിയിച്ചതിനെ തുടർന്ന് ഭർത്താവിനൊപ്പം സ്റ്റേഷനിലെത്തിയ സ്ത്രീയോട് മോശം ഭാഷാ പ്രയോഗമുൾപ്പടെ നടത്തിയെന്ന് ആരോപിച്ചാണ് പരാതി.
പരാതിക്കാരി സംഭവ സമയം മൊബൈൽ ഫോണിൽ പകർത്തിയ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ആരോപണ വിധേയർക്കും നിയമപരമായി ലഭിക്കേണ്ട അവകാശങ്ങളെ കുറിച്ച് ചൂണ്ടിക്കാട്ടിയ സ്ത്രീയോട്, ഭരണഘടന നീ എന്നെ പഠിപ്പിക്കേണ്ടതില്ലെന്നും വീട്ടിൽ പോയി ഭർത്താവിനോട് പറഞ്ഞാൽ മതിയെന്ന് ആക്രോശിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്.
തനിക്കെതിരെ ശ്രീജിത്ത് കൊടേരി അന്യായമായി കേസെടുക്കുകയും തനിക്ക് പറയാനുള്ളത് കേൾക്കാൻ തയാറായില്ലെന്നും മോശമായി പെരുമാറിയെന്നും യുവതി മനുഷ്യാവകാശ കമ്മീഷന് നൽകിയ പരാതിയിൽ പറയുന്നു.
ഇതേ തുടർന്നാണ് അന്വേഷണത്തിന് കമ്മീഷൻ ഉത്തരവിട്ടത്. നേരത്തെ മുൻ കണ്ണൂർ എഡിഎം നവീൻ ബാബു ജീവനൊടുക്കിയ കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരിൽ ഒരാളാണ് ശ്രീജിത്ത് കോടേരി. കേസ് അന്വേഷണം അട്ടിമറിക്കാൻ കൂട്ടുനിന്നുവെന്ന് ഈ ഉദ്യോഗസ്ഥനെതിരെ കുടുംബം ആരോപണം ഉന്നയിച്ചിരുന്നു.
