തിരുവനന്തപുരം: സിഎംആർഎൽ മുൻ എംഡി ശശിധരൻ കർത്തയുടെ ഡയറിയിലെ തൻ്റെ പേര് നിഷേധിച്ച് ബിജെപി നേതാവ് വി. മുരളീധരൻ. ഷോൺ ജോർജ് വെട്ടിലാക്കിയാൽ അതിൽ വീഴുന്ന ആളല്ല താനെന്ന് വി മുരളീധരൻ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. ഒരു മുരളീധരൻ മാത്രമേ ബിജെപിയിൽ ഉള്ളോ? വേറെയും മുരളീധരൻമാരുണ്ട്. സിഎംആർഎല്ലിന് എതിരെ സമരം നടത്തിയ വ്യക്തിയാണ് താനെന്നും പണം വാങ്ങിയിട്ടില്ലെന്നും വി. മുരളീധരൻ വിശദമാക്കി.
ഏത് മുരളീധരൻ ആണെന്ന് നിങ്ങൾ കണ്ടുപിടിക്ക്. ഷോൺ ജോർജ് വെട്ടിലാക്കിയാൽ അതിൽ വീഴുന്ന ആളല്ല താൻ. അതുകൊണ്ടാണ് ഷോണിനെ അടുത്ത് ഇരുത്തിയതെന്നും വി.മുരളീധരൻ വിശദമാക്കി. എസ്എഫ്ഐഒ കോടതിയിൽ സമർപ്പിച്ച രേഖകളാണ് ബിജെപി നേതാവായ ഷോൺ ജോർജ് പുറത്ത് വിട്ടത്. സിഎംആർഎൽ മാനേജിംഗ് ഡയറക്ടർ ശശിധരൻ കർത്തയിൽ നിന്ന് പിടിച്ചെടുത്ത ഡയറിയിലെ സുപ്രധാന എൻട്രികൾ അടങ്ങിയ പേജാണ് ഷോൺ ജോർജ് പങ്കുവെച്ചത്.
എൽഡിഎഫ്, യുഡിഎഫ് പ്രമുഖ നേതാക്കളുടെ പേരുകൾ വ്യക്തമായി കുറിച്ചിട്ടുള്ള പേജിൽ മുഖ്യമന്ത്രി വി ഡി സതീശനും ഉൾപ്പെട്ടത് ചൂണ്ടിക്കാട്ടിയ ഷോൺ, മാസപ്പടി കേസിൽ ഇ ഡിയുടെ കത്തിൽ സംസ്ഥാന സർക്കാർ പിണറായിക്കെതിരെ വിജിലൻസ് അന്വേഷണം പ്രഖ്യാപിക്കാത്തതിന്റെ കാരണം ഇതാണെന്നും ആരോപിച്ചു.
