കോഴിക്കോട്: അധ്യാപികമാർ ഉൾപ്പെട്ട വടകര എംഡിഎംഎ കേസിൽ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് രണ്ടുപേർ കൂടി അറസ്റ്റിൽ. വയനാട് പുൽപ്പള്ളി സ്വദേശി അജിത്ത്, മരക്കടവ് സ്വദേശി വിശാൽ എന്നിവരാണ് പിടിയിലായത്. കേസിലെ പത്തും പതിനൊന്നും പ്രതികളാണ് ഇരുവരും.
ലഹരിമരുന്ന് ഇടപാടുകളുമായി ബന്ധപ്പെട്ട് പ്രതികളുടെ ബാങ്ക് അക്കൗണ്ടുകൾ വഴി ലക്ഷക്കണക്കിന് രൂപയുടെ സാമ്പത്തിക ഇടപാടുകൾ നടന്നതായി പൊലീസ് കണ്ടെത്തിയിരുന്നു. കേസിലെ ഒളിവിലുള്ള മുഖ്യപ്രതി വയനാട് സ്വദേശി ഷിന്റോയുടെ അടുത്ത സുഹൃത്തുക്കളാണ് അറസ്റ്റിലായ അജിത്തും വിശാലും.
ജൂൺ 28ന് പുലർച്ചെ രണ്ടുമണിയോടെ വടകര ഐസ് പ്ലാന്റ് റോഡിലെ റോളക്സ് ഓയിൽ ഇൻഡസ്ട്രീസിന് മുന്നിൽവെച്ച് സഫ്വാൻ എന്ന യുവാവിനെ എംഡിഎംഎയുമായി പിടികൂടിയതോടെയാണ് കേസിൽ അധ്യാപികമാരുടെ പങ്ക് പുറത്തുവന്നത്.
തുടർന്ന് പേരാമ്പ്ര ബിആർസിയിലെ സ്പെഷ്യൽ എജ്യുക്കേറ്റർമാരായ കീർത്തന (31), നീഷ്മ (30), ചെരുവാളൂർ സർക്കാർ എൽപി സ്കൂളിലെ ഓട്ടിസം സെന്റർ അധ്യാപിക കാവ്യ (29), ഓൺലൈൻ ഡെലിവറി ഏജന്റായ ഇരിട്ടി സ്വദേശി ജിജിൻ കുര്യാക്കോസ് എന്നിവരടക്കമുള്ളവർ അറസ്റ്റിലായിരുന്നു.
അതേസമയം, കേസിലെ ചില പ്രതികൾക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു. അധ്യാപികമാരായ കീർത്തന, നീഷ്മ, കാവ്യ എന്നിവർക്കും അഞ്ചാം പ്രതി ജിജിൻ കുര്യാക്കോസിനും വടകര എൻഡിപിഎസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കേസിലെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട അന്വേഷണം തുടരുകയാണ്.
