ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറിയ തമിഴക വെട്രി കഴകത്തിന് (ടിവികെ) നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ അവസരം നൽകണമെന്ന ആവശ്യവുമായി സിപിഐ തമിഴ്നാട് സംസ്ഥാന സെക്രട്ടറി എം. വീരപാണ്ഡ്യൻ. സിപിഐ നിലപാട് വ്യക്തമാക്കിക്കൊണ്ടുള്ള വാർത്താക്കുറിപ്പിലാണ് അദ്ദേഹം തന്റെ നിലപാട് അറിയിച്ചത്. തമിഴ്നാട്ടിൽ തൂക്കുമന്ത്രിസഭയ്ക്കുള്ള സാധ്യതകൾ നിലനിൽക്കെയാണ് സിപിഐ ടിവികെയെ പിന്തുണയ്ക്കുന്ന നിലപാട് സ്വീകരിച്ചിരിക്കുന്നത്. സത്യപ്രതിജ്ഞയ്ക്ക് മുമ്പ് തന്നെ ഭൂരിപക്ഷം തെളിയിക്കണമെന്ന് ഗവർണർ നിർബന്ധം പിടിക്കുന്നത് ഉചിതമല്ലെന്നും വിമർശനമുണ്ട്.
അതേസമയം സിപിഐയുടെ നിലപാട് രാഷ്ട്രീയ കേന്ദ്രങ്ങളിലും ചർച്ചയായിട്ടുണ്ട്. നിലവിൽ 113 സീറ്റുകളാണ് കോൺഗ്രസ് ടിവികെ സഖ്യത്തിനുള്ളത്. രണ്ട് സീറ്റുകളിൽ വിജയ് വിജയിച്ച സാഹചര്യത്തിൽ അംഗബലം 112 ആണ്. ഇനിയും ആറ് അംഗങ്ങളുടെ കൂടെ പിന്തുണ കേവല ഭൂരിപക്ഷത്തിന് ടിവികെയ്ക്ക് ആവശ്യമുണ്ട്. ഏപ്രിൽ 23-ന് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഒരു പാർട്ടിക്കും തനിച്ച് സർക്കാർ രൂപീകരിക്കാനുള്ള വ്യക്തമായ ഭൂരിപക്ഷം വോട്ടർമാർ നൽകിയിട്ടില്ലെന്ന് സിപിഐ ചൂണ്ടിക്കാട്ടുന്നു. എങ്കിലും 108 സീറ്റുകൾ നേടി വിജയിയുടെ നേതൃത്വത്തിലുള്ള ടിവികെ നിയമസഭയിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറിയിരിക്കുകയാണ്.
ഈ സാഹചര്യത്തിൽ ഭരണഘടനാനുസൃതമായി നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ ടിവികെ നേതാവ് വിജയിക്ക് ഗവർണർ അവസരം നൽകണമെന്നാണ് സിപിഐയുടെ ആവശ്യം. ബി.ജെ.പി വിരുദ്ധ ചേരിയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഗവർണറുടെ നിലപാടിനെ വിമർശിച്ച് സിപിഐ രംഗത്ത് വന്നതെന്നാണ് വിവരം.
