പശ്ചിമേഷ്യന് സംഘര്ഷത്തെ തുടര്ന്ന് യുഎഇ ഉൾപ്പെടെ ആറ് രാജ്യങ്ങളിൽ മാറ്റിവെച്ച സിബിഎസ്ഇ 12ാം ക്ലാസിലെ സ്പെഷ്യല് ബോര്ഡ് പരീക്ഷയുടെ തീയതി പ്രഖ്യാപിച്ചു. ഒക്ടോബര് 23 മുതല് 28 വരെയാണ് പരീക്ഷ നടക്കുക. 20 അക്കാദമിക വിഷയങ്ങളിലും 20 സ്കില് വിഷയങ്ങളിലുമാണ് പരീക്ഷ നടക്കുന്നത്. യുഎഇ, ബഹ്റൈന്, ഇറാന്, കുവൈറ്റ്, ഒമാന്, ഖത്തര്, സൗദി അറേബ്യ എന്നിവിടങ്ങളിലെ മാറ്റിവെച്ച പരീക്ഷയാണ് നടക്കുന്നത്. പരീക്ഷാ ടൈംടേബിള് സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്സൈറ്റില് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
മാര്ച്ച് 15നായിരുന്നു പശ്ചിമേഷ്യന് സംഘര്ഷത്തിന്റെ പശ്ചാത്തലത്തില് പശ്ചിമേഷ്യയില് താമസിക്കുന്ന വിദ്യാര്ത്ഥികളുടെ സിബിഎസ്ഇ പരീക്ഷകള് റദ്ദാക്കിയത്. പിന്നാലെ പ്രത്യേക മൂല്യനിര്ണയ പദ്ധതിപ്രകാരമായിരുന്നു വിദ്യാര്ത്ഥികളുടെ ഫലം പ്രസിദ്ധീകരിച്ചത്.ഫലം മെച്ചപ്പെടുത്താന് ആഗ്രഹിക്കുന്ന വിദ്യാര്ത്ഥികള്ക്കായാണ് ഇപ്പോള് വീണ്ടും സിബിഎസ്ഇ പരീക്ഷ നടത്തുന്നത്. ഏത് വിഷയം എഴുതണമെന്ന് വിദ്യാര്ത്ഥികള്ക്ക് തീരുമാനിക്കാം. ഈ പരീക്ഷയുടെ ഫലമായിരിക്കും അന്തിമമായി കണക്കാക്കുക.



