അബുദാബി: യുഎഇയുടെ വിവിധ പ്രദേശങ്ങളിൽ ശക്തമായ മഴ. രാജ്യത്തിന്റെ കിഴക്കൻ പ്രദേശങ്ങളിലും മലയോര മേഖലകളിലും കൂടുതൽ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു. മഴ കനത്തതോടെ അബുദാബി പൊലീസ് വാഹനമോടിക്കുന്നവർക്ക് പ്രത്യേക സുരക്ഷാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ദേശീയ കാലാവസ്ഥാ കേന്ദ്രം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴയ്ക്ക് കാരണമാകുന്ന കാറ്റ് രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ ‘യെല്ലോ അലർട്ട്’ പുറപ്പെടുവിച്ചു.
ഉച്ചയ്ക്ക് 2:00 മണി മുതൽ രാത്രി 9:00 മണി വരെയാണ് അലർട്ട് പ്രാബല്യത്തിലുള്ളത്. അൽ ഐൻ, ഫുജൈറ, കിഴക്കൻ തീരപ്രദേശങ്ങൾ, അൽ ദഫ്ര മേഖലയിലെ ചില പ്രദേശങ്ങൾ എന്നിവിടങ്ങളിലാണ് പ്രധാനമായും മഴ മുന്നറിയിപ്പുള്ളത്. മലയോര മേഖലകളിൽ പെട്ടെന്നുണ്ടാകുന്ന വെള്ളപ്പൊക്കത്തിന് സാധ്യതയുള്ളതിനാൽ ഉച്ചയ്ക്ക് 2:30 മുതൽ രാത്രി 9:00 വരെ പ്രത്യേക ഫ്ലാഷ് ഫ്ലഡ് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. താഴ്വരകൾ, വാദികൾ തുടങ്ങിയ വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് ആളുകൾ വിട്ടുനിൽക്കണമെന്ന് കാലാവസ്ഥാ കേന്ദ്രം ആവശ്യപ്പെട്ടു.
മഴയുള്ള സമയത്ത് റോഡുകളിലെ ഇലക്ട്രോണിക് ബോർഡുകളിൽ പ്രദർശിപ്പിക്കുന്ന മാറിയ വേഗപരിധി പാലിക്കണമെന്നും വാഹനങ്ങൾ തമ്മിൽ സുരക്ഷിതമായ അകലം പാലിക്കണമെന്നും അബുദാബി പൊലീസ് അഭ്യർത്ഥിച്ചു. കാഴ്ചമങ്ങുന്ന സാഹചര്യത്തിൽ ഹെഡ്ലൈറ്റുകൾ തെളിയിച്ച് പതുക്കെ വാഹനമോടിക്കണമെന്നും ഔദ്യോഗിക മുന്നറിയിപ്പുകൾ കൃത്യമായി ശ്രദ്ധിക്കണമെന്നും അധികൃതർ കൂട്ടിച്ചേർത്തു.



