തിരുവനന്തപുരം: ധവളപത്രവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി ഡി സതീശനെതിരെ വിമര്‍ശനവുമായി ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് എംഎൽഎയും എ എ റഹീം എംപിയും രംഗത്ത്. സതീശന് പറയുന്നത് താന്‍ നെഹ്റുവിയൻ ലെഫ്റ്റ് ആണെന്നാണെന്നും എന്നാല്‍ ഇന്ന് കണ്ടത് റാവുവിയന്‍ റൈറ്റിനെയാണെന്നും റഹീം പറഞ്ഞു. നരസിംഹ റാവുവിനെയും നരേന്ദ്ര മോദിയെയുമാണ് സതീശനില്‍ ഇന്ന് കണ്ടെതെന്നും എ എ റഹീം പറഞ്ഞു. പെന്ഷന് പ്രായം ഉയര്‍ത്തണമെന്ന് ധവളപത്രത്തില്‍ ശുപാർശയുണ്ട്. പഴയ രീതിയിലേക്ക് യുഡിഎഫ് പോയാല്‍ വലിയ യുവജന സമരങ്ങള്‍ കാണേണ്ടി വരുമെന്നും, കരാര്‍വത്കരണം സാര്‍വ്വത്രികമായി മാറ്റാനാണ് നീക്കമെന്നും, കേരളത്തിന്റെ നേട്ടങ്ങളെ അപായപ്പെടുത്തുന്നതാണ് ധവളപത്രത്തിന്റെ ശുപാര്‍ശകളെന്നും റഹീം വിമർശിച്ചു.
അതേസമയം, ധവളപത്രം പല മേഖലയിലും ഉയര്‍ത്തിയത് കടുത്ത ആശങ്കയാണെന്നായിരുന്നു വി കെ സനോജ് പറഞ്ഞത്. ചെറുപ്പക്കാരുടെ തൊഴില്‍ എന്ന സ്വപ്നം തകര്‍ക്കുന്നതാണ് ധവളപത്രത്തിലെ ശുപാര്‍ശകള്‍. പിഎസ്സി സംവിധാനം വഴിയാണ് പലരും തൊഴില്‍ കണ്ടെത്തുന്നത്. ലക്ഷക്കണക്കിന് ഉദ്യോഗാര്‍ത്ഥികള്‍ ഇതിനുള്ള തയ്യാറെടുപ്പിലാണ്. അവരുടെയെല്ലാം തലയില്‍ ഇടിത്തീവീണ പോലെയായി പെന്ഷന് പ്രായം ഉയര്‍ത്തണം എന്ന നിര്‍ദ്ദേശമെന്നും സനോജ് പറഞ്ഞു.
