‘ദേവസ്വം ബോർഡിനെ അഴിമതി മുക്തമാക്കും, തിരുവനന്തപുരത്തിന് രണ്ടാം മെഡിക്കൽ കോളേജ്’; കെ. മുരളീധരൻ

തിരുവനന്തപുരം: തിരുവനന്തപുരത്ത് രണ്ടാം മെഡിക്കൽ കോളേജ് സ്ഥാപിക്കുമെന്നും ദേവസ്വം ബോർഡിനെ അഴിമതി മുക്തമാക്കുമെന്നും നിയുക്ത മന്ത്രി കെ. മുരളീധരൻ. ശബരിമല സ്വർണകൊളളയിൽ നിലവിലുള്ള അന്വേഷണം തൃപ്തികരമല്ലെന്നും വിശദമായ തുടർ അന്വേഷണം വേണ്ടി വരുമെന്നും കെ. മുരളീധരൻ കൂട്ടിച്ചേർത്തു.

മന്ത്രി സ്ഥാനത്തേക്കുള്ള പ്രഖ്യാപനത്തിന് പിന്നാലെ വകുപ്പിന്റെ പേരിൽ ഇടഞ്ഞ കെ.മുരളീധരന് വൈദ്യുതിക്ക് പകരം ആരോഗ്യ വകുപ്പും ദേവസ്വം വകുപ്പും നൽകിയാണ് അനുനയിപ്പിച്ചത്. വൈദ്യുതി വകുപ്പ് ലഭിച്ചതിൽ കെ.മുരളീധരൻ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. വൈദ്യുതി വകുപ്പാണെങ്കിൽ ചുമതല ഏൽക്കാനില്ലെന്നും സത്യപ്രതിജ്ഞക്കില്ലെന്നും മുരളീധരൻ വ്യക്തമാക്കിയതോടെയാണ് നേതൃത്വം വഴങ്ങിയത്.

വി. ഡി സതീശൻ മന്ത്രിസഭയിൽ ആരോഗ്യവകുപ്പാണ് മുരളീധരൻ പ്രതീക്ഷിച്ചിരുന്നത്. വകുപ്പിൽ എതിർപ്പ് അറിയിച്ച മുരളീധരൻ വൈദ്യുതിയെങ്കിൽ ചുമതല ഏൽക്കാനില്ലെന്ന് വ്യക്തമാക്കിയതോടെയാണ് തീരുമാനത്തിൽ മാറ്റമുണ്ടായത്. അതേസമയം മുഖ്യമന്ത്രി നൽകുമെന്ന് പറഞ്ഞ വകുപ്പ് തന്നെ നൽകിയെന്നും മറ്റ് വകുപ്പുകൾ സംബന്ധിച്ച് പുറത്തുവന്നത് തെറ്റായ റിപ്പോർട്ടുകളാണെന്നുമാണ് കെ. മുരളീധരൻ വിശദമാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *