പാലക്കാട് : പാലക്കാട് വിമാനത്താവളം വരുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു. കേന്ദ്രം സാധ്യതാ പഠനത്തിന് നിർദേശം നൽകി എന്ന് വികെ ശ്രീകണ്ഠൻ എംപി മാധ്യമങ്ങളോട് പറഞ്ഞു. വ്യാവസായിക ഇടനാഴി പാലക്കാട് വരുന്നുണ്ട്. അന്തർദേശീയ കമ്പനികൾ ഇവിടെയുള്ള സ്മാർട്ട് സിറ്റിയിൽ എത്തും. അര ലക്ഷം പേർക്ക് ജോലി അവസരം ഒരുങ്ങുമെന്നും എംപി പ്രത്യാശ പ്രകടിപ്പിച്ചു. നിലവിൽ കേരളത്തിൽ നാല് വിമാനത്താവളങ്ങളുണ്ട്. തിരുവനന്തപുരം, എറണാകുളം, മലപ്പുറം, കണ്ണൂർ ജില്ലകളിലാണ് വിമാനത്താവളങ്ങളുള്ളത്. പത്തനംതിട്ടയിലും വിമാനത്താവളം വരുമെന്ന് നേരത്തെ വാർത്തകളുണ്ടായിരുന്നു. ഇതിന് പുറമെയാണ് പാലക്കാട് കൂടി വിമാനത്താവളം വരുന്നത്. പാലക്കാട് വിമാനത്താവളത്തെ കുറിച്ച് ആദ്യം പറഞ്ഞപ്പോൾ തന്നെ കളിയാക്കിയവരുണ്ട്. കൊച്ചി വിമാനത്താവളം വരുന്ന കാലത്ത് കെ കരുണാകരനെ കളിയാക്കിയവരും ഉണ്ടായിരുന്നു. പാലക്കാട് വിമാനത്താവളത്തിന്റെ സാധ്യതാ പഠനത്തിന് നിർദേശം നൽകിയിരിക്കുകയാണ് കേന്ദ്രം. കേരളത്തിൽ ഭരണമാറ്റം ഉണ്ടായത് ഇക്കാര്യത്തിൽ ഇരട്ടി പ്രതീക്ഷ നൽകുന്നു എന്നും ശ്രീകണ്ഠൻ എംപി പറഞ്ഞു.
പാലക്കാട് വിമാനത്താവളം വരും?
