ഇറാൻ ചാരശൃംഖലയിലെ 15 പേർ ബഹ്റൈനിൽ അറസ്റ്റിൽ

മനാമ: ഇറാൻ ചാരശൃംഖലയിലെ 15 പേർ ബഹ്റൈനിൽ അറസ്റ്റിലായി. ഇറാന്‍റെ ഔദ്യോഗിക സൈനിക വിഭാഗമായ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്‍റെ ഫീൽഡ് ഏജന്‍റുമാരായി പ്രവർത്തിച്ചവരെയാണ് ബഹ്റൈൻ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തത്. ബുധനാഴ്ചയായിരുന്നു ഈ നിർണ്ണായക നീക്കം. ബഹ്റൈനിൽ മുൻപ് കണ്ടെത്തിയ ഇറാൻ ഏജന്‍റ് ശൃംഖലയുമായി ബന്ധപ്പെട്ട് ലഭിച്ച രഹസ്യാന്വേഷണ വിവരങ്ങളുടെയും സുരക്ഷാ റിപ്പോർട്ടുകളുടെയും അടിസ്ഥാനത്തിലാണ് പുതിയ അറസ്റ്റെന്നാണ് റിപ്പോർട്ട്.

പിടിയിലായവർ രാജ്യത്തെ സാധാരണ പൗരന്മാരെയും പ്രത്യേകിച്ച് യുവാക്കളെയും കൗമാരക്കാരെയും സ്വാധീനിക്കാൻ ചുമതലപ്പെടുത്തിയ ഫീൽഡ് ഏജന്‍റുമാരാണെന്ന് മന്ത്രാലയം വ്യക്തമാക്കി. ആളുകളെ കുറ്റകൃത്യങ്ങളിൽ ഏർപ്പെടാൻ പ്രേരിപ്പിക്കുകയും, നിരോധിത സംഘടനകളുടെ അജണ്ടകൾ നടപ്പിലാക്കുന്നതിനായി പുതിയ ആളുകളെ റിക്രൂട്ട് ചെയ്ത് നെറ്റ്‌വർക്കുകൾ സ്ഥാപിക്കുകയുമായിരുന്നു ഇവരുടെ ലക്ഷ്യമെന്ന് അധികൃതർ ആരോപിച്ചു. അറസ്റ്റിലായവർക്കെതിരെയുള്ള നിയമനടപടികൾ പൂർത്തിയായി വരികയാണ്. ഈ അട്ടിമറി നീക്കത്തിൽ പങ്കാളികളായ മറ്റ് പ്രതികൾക്കായി വിപുലമായ അന്വേഷണം തുടരുകയാണെന്ന് റിപ്പോർട്ടിൽ പറയുന്നു.

കഴിഞ്ഞ ദിവസം ബഹ്റൈനിലെ ജനവാസ മേഖലകളെ ലക്ഷ്യമിട്ട് ഇറാൻ തൊടുത്തുവിട്ട മൂന്ന് മിസൈലുകളും നിരവധി ഡ്രോണുകളും ബഹ്റൈൻ ഡിഫൻസ് ഫോഴ്സ് തകർത്തിരുന്നു. ഇതിന് പിന്നാലെയാണ് രാജ്യത്തിനകത്തുള്ള ഇറാൻ ഏജന്റുമാരെ പിടികൂടാൻ ബഹ്റൈൻ ആഭ്യന്തര മന്ത്രാലയം കടുത്ത നടപടികളിലേക്ക് നീങ്ങിയത്. ഗൾഫ് രാജ്യങ്ങളും ഇറാനും തമ്മിലുള്ള യുദ്ധസമാനമായ അന്തരീക്ഷം ഇതോടെ കൂടുതൽ വഷളായിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *