ധവളപത്രം: സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന് ബിബി ഗോപകുമാർ

തിരുവനന്തപുരം: സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി ഉണ്ടെന്നാണ് ധവളപത്രം ചൂണ്ടിക്കാണിക്കുന്നതെന്ന് ചാത്തന്നൂർ എംഎൽഎ ബിബി ഗോപകുമാർ. അഞ്ചുവർഷം കൂടുമ്പോൾ സർക്കാരുകൾ ധവളപത്രം ഇറക്കുമെന്നും അതിൽ പറയുന്നത് സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിലാണെന്നാണ്. കേന്ദ്രസർക്കാർ പണം നൽകുന്നില്ല എന്ന് പറയുന്നതിൽ മാത്രമാണ് രണ്ടു മുന്നണികളും യോജിക്കുന്നതെന്നും ബി ബി ഗോപകുമാർ പറഞ്ഞു. കേരളത്തിന്‍റെ പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിക്കാൻ ഇരുമുന്നണികളും കേന്ദ്രസർക്കാരിനെ കുറ്റപ്പെടുത്തുവെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ, സ്വന്തം പരാജയം മറച്ചുവെക്കാൻ കേന്ദ്രസർക്കാരിനെ കുറ്റം പറയുന്നു, കിഫ്‌ബി വഴിവരുന്ന കടം തീർക്കേണ്ട ബാധ്യതയും സംസ്ഥാന സർക്കാരിനാണ്, സംസ്ഥാനത്തിന്‍റെ കടബാധ്യതയ്ക്ക് ഉത്തരവാദികൾ ഇതുവരെ സംസ്ഥാനം ഭരിച്ച ഇരുമുന്നണികളും ആണ്. ഇരു മുന്നണികളും പരസ്പരം ഡീൽ ആരോപണമുന്നയിക്കുന്നുണ്ട്. ജനവിധി അംഗീകരിക്കാൻ ഇനിയെങ്കിലും ഇരുകൂട്ടരും തയ്യാറാകണം എന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തിന്‍റെ വരുമാനത്തിന്‍റെ ഏകദേശം 80 ശതമാനവും ശമ്പളം, പെൻഷൻ, പലിശ അടവ് എന്നിവയ്ക്കാണ് ചെലവാകുന്നതെന്നാണ് ധവളപത്രത്തില്‍ പറയുന്നത്. ഈ സാഹചര്യം ദീർഘകാലാടിസ്ഥാനത്തിൽ സാമ്പത്തികമായി നിലനിൽക്കുന്നതല്ലെന്ന് റിപ്പോർട്ട് വിലയിരുത്തുന്നു.
കേന്ദ്രസർക്കാരിനെപ്പോലെ പത്തുവർഷത്തിലൊരിക്കൽ മാത്രം ശമ്പള കമ്മീഷൻ നടപ്പാക്കുന്നതും പരിഗണിക്കാവുന്ന നിർദേശമാണ്. അതോടൊപ്പം സർക്കാർ സേവനങ്ങളുടെ കാര്യക്ഷമതയും ഉത്തരവാദിത്തവും മെച്ചപ്പെടുത്തേണ്ടതുണ്ടെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഡിജിറ്റലൈസേഷൻ എന്ന പേരിൽ പഴയ ഫോമുകളും നടപടിക്രമങ്ങളും ഓൺലൈനിലേക്ക് മാറ്റുന്നതു മാത്രം പോര. നടപടിക്രമങ്ങൾ ലളിതമാക്കിയും ഉപയോക്തൃസൗഹൃദമാക്കിയും യഥാർത്ഥ ഡിജിറ്റൽ പരിഷ്കാരം നടപ്പാക്കണം. ഇതിനായി എല്ലാ വകുപ്പുകൾക്കും മൂന്ന് മാസത്തിനകം നടപടിക്രമങ്ങൾ ലളിതമാക്കി സമ്പൂർണ ഡിജിറ്റലൈസേഷൻ പൂർത്തിയാക്കാൻ ലക്ഷ്യം നിശ്ചയിക്കണമെന്നും റിപ്പോർട്ട് നിർദേശിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *