ന്യൂഡൽഹി: മഹാരാഷ്ട്രയിലെ ശിവസേന ഉദ്ധവ് താക്കറെ വിഭാഗത്തിനെ പിളർത്താൻ ബിജെപി നീക്കമെന്ന് സൂചന. ഉദ്ധവ് താക്കറെയുടെ പാർട്ടിയുടെ ഒമ്പത് എംപിമാരിൽ ആറ് പേരെ ഏക്നാഥ് ഷിൻഡെയുടെ ശിവസേനയിലെത്തിക്കാനാണ് നീക്കം നടക്കുന്നത്. ഉദ്ധവ് താക്കറെയുടെ ശിവസേന എംപിമാരിൽ ചിലർ ഷിൻഡെ വിഭാഗവുമായി ബന്ധപ്പെട്ടതായാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ തവണ പരാജയപ്പെട്ട ഭരണഘടനാ ഭേദഗതി ബില്ലുകളുൾപ്പെടെ പാസാക്കിയെടുക്കാനുള്ള തന്ത്രങ്ങളാണ് ബിജെപി ആവിഷ്കരിക്കുന്നതെന്നാണ് സൂചന. ഉദ്ധവ് താക്കറെയുടെ ശിവസേനയ്ക്ക് ഒമ്പത് എംപിമാരാണ് ഉള്ളത്. ഏക്നാഥ് ഷിൻഡെയ്ക്ക് ഏഴുപേരും. ഇതിൽ ഉദ്ധവ് താക്കറെ വിഭാഗത്തിലുള്ള ആറുപേരെ ഷിൻഡെയുടെ പാളയത്തിലെത്തിക്കാനാണ് നീക്കം. അരവിന്ദ് ദേശായി, അരവിന്ദ് സാവന്ത് എന്നീ എംപിമാർ ഉദ്ധവിനൊപ്പം ഉറച്ചുനിൽക്കുമെന്ന് പരസ്യമായി വ്യക്തമാക്കിയിട്ടുണ്ട്. ബാക്കിയുള്ള ഏഴുപേരിൽ ആറ് എംപിമാരും ഷിൻഡെ വിഭാഗത്തോടൊപ്പം പോയേക്കുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.
അതേസമയം ഉദ്ധവ് താക്കറെ തന്റെ പാർട്ടിയുടെ പാർലമെന്റ് അംഗങ്ങളുടെ അടിയന്തര യോഗം വിളിച്ചു ചേർത്തു. ജൂൺ 14-ന് മുംബൈയിലെ താക്കറെയുടെ വസതിയായ മാതോശ്രീയിൽ വെച്ചാണ് യോഗം നടക്കുന്നത്. പാർട്ടിക്കുള്ളിൽ ഐക്യം ഉറപ്പാക്കാനും എംപിമാരുടെ നിലപാടുകൾ വ്യക്തമാക്കാനുമാണ് ഈ നീക്കം. പർഭാനി എംപി സഞ്ജയ് ജാദവ് കഴിഞ്ഞ ചില പാർട്ടി യോഗങ്ങളിൽ നിന്ന് വിട്ടുനിന്നത് വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. ഇദ്ദേഹം ഏകനാഥ് ഷിൻഡെയുമായി ബന്ധപ്പെടുന്നുണ്ടെന്നാണ് സൂചന. ഹിംഗോളി എംപി നാഗേഷ് പാട്ടീൽ അഷ്ടിക്കർ, നാസിക് എംപി രാജാഭൗ വാജെ, ഷിർദി എംപി ഭാവുസാഹേബ് വക്ചൗരെ എന്നിവർ ഏകനാഥ് ഷിൻഡെയുമായോ അദ്ദേഹത്തിന്റെ മന്ത്രിമാരുമായോ കൂടിക്കാഴ്ച നടത്തിയതായി റിപ്പോർട്ടുകളുണ്ട്.
എംപിമാർ കൂറുമാറിയാൽ അത് ഉദ്ദവ് താക്കറെയക്ക് വലിയ തിരിച്ചടിയായി മാറും. ഇതൊഴിവാക്കാനാണ് നീക്കം. എംപിമാർ കൂറുമാറിയാൽ ലോക്സഭയിൽ എൻഡിഎയുടെ അംഗസംഖ്യ വർധിക്കുന്നതിലേക്കാണ് നയിക്കുക. നിലവിൽ 293 എംപിമാരാണ് എൻഡിഎയുടെ ഭാഗമായുള്ളത്. തൃണമൂലിന്റെ 20 വിമത എംപിമാർ എൻഡിഎയുടെ ഭാഗമാകുന്നതോടെ അംഗസംഖ്യ 313 ആയി ഉയരും. ഉദ്ധവ് വിഭാഗത്തിൽ നിന്ന് ആറുപേരുകൂടി എത്തിയാൽ എൻഡിഎയുടെ അംഗബലം 319 ആയി ഉയരും. സ്വതന്ത്രരും ചെറുപാർട്ടികളും ഉൾപ്പെടെ 10 എംപിമാരുടെ പിന്തുണയും എൻഡിഎ ഉറപ്പുവരുത്തിയിട്ടുണ്ട് .ഇന്ത്യ സഖ്യത്തിലുണ്ടായിരുന്ന തമിഴ്നാട്ടിലെ ഡിഎംകെയുടെ പിന്തുണയ്ക്കായും ബിജെപി ശ്രമം തുടങ്ങിയിട്ടുണ്ട്. 22 എംപിമാരാണ് ഡിഎംകെയ്ക്കുള്ളത്. ഇവരുടെ പിന്തുണ ലഭിച്ചാൽ പല പ്രധാനപ്പെട്ട ബില്ലുകളും പാസാക്കിയെടുക്കാൻ കേന്ദ്രസർക്കാരിന് സാധിക്കും.
