കുവൈത്ത് സിറ്റി: കുവൈത്തിലെ ഏറ്റവും വലിയ പ്രവാസി തൊഴിലാളി സമൂഹമായി മാറി ഇന്ത്യക്കാർ. കഴിഞ്ഞ വർഷത്തെ കണക്കനുസരിച്ചാണിത്. ലേബർ മാർക്കറ്റ് ഇൻഫർമേഷൻ സിസ്റ്റത്തിന്റെ പുതിയ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്ത് 5,78,900 ഇന്ത്യൻ തൊഴിലാളികളാണ് വിവിധ മേഖലകളിലായി ജോലി ചെയ്യുന്നത്. ഗാർഹിക തൊഴിലാളികളെ ഒഴിവാക്കിയുള്ള ആകെ പ്രവാസി തൊഴിലാളികളുടെ 25.5 ശതമാനമാണ്.
2025 ഡിസംബർ അവസാനത്തോടെ കുവൈത്തിലെ ആകെ തൊഴിലാളികളുടെ എണ്ണം 30.4 ലക്ഷമായി ഉയർന്നു. 2024-നെ അപേക്ഷിച്ച് ഇത് 3.3 ശതമാനം വളർച്ച രേഖപ്പെടുത്തി. ഇന്ത്യക്കാർക്ക് പിന്നാലെ 4,67,900 തൊഴിലാളികളുമായി ഈജിപ്തുകാർ (20.6%) രണ്ടാം സ്ഥാനത്തും, 4,41,200 തൊഴിലാളികളുമായി കുവൈത്ത് പൗരന്മാർ മൂന്നാം സ്ഥാനത്തുമാണ്. ബംഗ്ലാദേശ്, നേപ്പാൾ, സിറിയ, പാകിസ്ഥാൻ, ഫിലിപ്പീൻസ്, ശ്രീലങ്ക, ജോർദാൻ എന്നിവയാണ് തുടർന്നുള്ള സ്ഥാനങ്ങളിൽ.
2025-ൽ പ്രവാസി തൊഴിലാളികളുടെ എണ്ണം 18.3 ലക്ഷമായി ഉയർന്നെങ്കിലും സ്വകാര്യ മേഖലയിലെ അവരുടെ വിഹിതം 66.7 ശതമാനത്തിൽ നിന്ന് 65.9 ശതമാനമായി നേരിയ തോതിൽ കുറഞ്ഞു. കുവൈത്തിലെ ഏറ്റവും വലിയ തൊഴിൽദാതാവായി സ്വകാര്യ മേഖല തുടരുന്നു. ആകെ തൊഴിലാളികളിൽ 58.8 ശതമാനം, അഥവാ ഏകദേശം 17.9 ലക്ഷം പേർ സ്വകാര്യ മേഖലയിലാണ് ജോലി ചെയ്യുന്നത്. മൊത്തവ്യാപാര-ചില്ലറവ്യാപാര മേഖല (21.4%), നിർമാണ മേഖല (14.3%), ഹോട്ടൽ-ഭക്ഷ്യ സേവന മേഖല (12.7%) എന്നിവയിലാണ് പ്രവാസി തൊഴിലാളികൾ ഏറ്റവും കൂടുതൽ ഉള്ളത്.
