ടെഹ്രാൻ: ഇറാന്റെ തലസ്ഥാനമായ ടെഹ്രാനിൽ യുഎസ് പ്രസിഡൻ്റ് ഡോണാൾഡ് ട്രംപിനെ കൊലപ്പെടുത്തുമെന്ന വാചകങ്ങളുമായി കൂറ്റൻ ബിൽബോർഡ് സ്ഥാപിച്ചു. ട്രംപ് ശവപ്പെട്ടിയിൽ കിടക്കുന്ന ചിത്രം അടക്കം ഉൾപ്പെടുത്തിയാണ് ബിൽബോർഡ് സ്ഥാപിച്ചത്. ടെഹ്രാനിലെ ഇങ്കിലാബ് സ്ക്വയറിലാണ് ബിൽബോർഡ് പ്രത്യക്ഷപ്പെട്ടത്. ‘ഞങ്ങൾ ട്രംപിനെ കൊലപ്പെടുത്തും’ എന്ന വാചകത്തോട് കൂടിയ ബിൽബോർഡിൽ കോട്ടും സ്യൂട്ടും ധരിച്ചു മരിച്ചുകിടക്കുന്ന ട്രംപിൻ്റെ ചിത്രമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
ഒരിടവേളയ്ക്ക് ശേഷം യുഎസ് – ഇറാൻ സംഘർഷം വീണ്ടും ശക്തമായതിന് പിന്നാലെയാണ് പ്രകോപനപരമായ ബിൽബോർഡ് ട്രെഹ്രാനിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കണ്ണും വായയും അടച്ചുകിടക്കുന്ന നിലയിലാണ് ബിൽബോർഡിലെ ട്രംപിൻ്റെ ചിത്രം. തലമുടി ചീകാത്ത നിലയിലും കൈകൾ നെഞ്ചോട് ചേർത്തുവെച്ച നിലയിലുമാണ് ട്രംപ് ചിത്രത്തിലുള്ളത്. ‘ഞങ്ങൾ ട്രംപിനെ കൊലപ്പെടുത്തും’ എന്ന വാചകം ഇംഗ്ലീഷ്, പേർഷ്യൻ ഭാഷകളിൽ എഴുതിയിട്ടുണ്ട്. “മിനാബിലെ കുട്ടികളുടെ ഓർമ്മയ്ക്ക്” എന്നും ബിൽബോർഡിൽ എഴുതിയിട്ടുണ്ട്.
