ന്യൂഡൽഹി: നോയിഡയിലെ അക്രമാസക്തമായ തൊഴിലാളി സമരത്തിന് പിന്നിലെ മുഖ്യസൂത്രധാരനെ അറസ്റ്റ് ചെയ്ത് പൊലീസ്. ആദിത്യ ആനന്ദ് എന്നയാളെയാണ് ഗൗതംബുദ്ധ നഗർ പൊലീസും സ്പെഷ്യൽ ടാസ്ക് ഫോഴ്സും ചേർന്ന് പിടികൂടിയത്. തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളി റെയിൽവേ സ്റ്റേഷനിൽ നിന്നാണ് ഇയാൾ പിടിയിലായതെന്ന് പൊലീസ് അറിയിച്ചു.
നോയിഡയിൽ ദിവസങ്ങൾക്ക് മുൻപ് നടന്ന തൊഴിലാളി സമരം പിന്നീട് കലാപത്തിലേക്ക് നീങ്ങിയിരുന്നു. സമരം അക്രമാസക്തമായതിനും കലാപം അഴിച്ചുവിട്ടതിനും പിന്നിൽ ആദിത്യ ആനന്ദ് ആണെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. തുടർന്ന് മുഖ്യസൂത്രധാരനായ ഇയാൾക്കെതിരേ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. ഇയാൾ ഒളിവിൽ പോയതോടെ പ്രതിയെക്കുറിച്ച് വിവരം നൽകുന്നവർക്ക് പൊലീസ് ഒരുലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ഗൗതംബുദ്ധ നഗർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ആനന്ദിനെതിരേ കോടതി ജാമ്യമില്ലാ വാറന്റും പുറപ്പെടുവിച്ചിരുന്നു. ഇതിനിടെ പൊലീസ് പ്രതിക്കായി വിവിധ സംസ്ഥാനങ്ങളിൽ തിരച്ചിൽ നടത്തി. അന്വേഷണം തുടരുന്നതിനിടെയാണ് തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ നിന്ന് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
