കുവൈറ്റ് സിറ്റി/ ടെഹ്‌റാന്‍: ജോര്‍ദാനിലെ അമേരിക്കന്‍ വ്യോമത്താവളത്തിന് നേരെയുണ്ടായ ആക്രമണത്തെ തുടര്‍ന്ന് യുഎസ് നടത്തിയ പ്രത്യാക്രമണത്തില്‍ തിരിച്ചടിച്ച് ഇറാന്‍. വടക്കന്‍ കുവൈറ്റിലുള്ള ചൈനീസ് കമ്പനിയുടെ കെട്ടിടത്തിന് നേരെയാണ് വ്യോമാക്രമണം ഉണ്ടായത്. സംഭവത്തില്‍ ഒരു തൊഴിലാളി കൊല്ലപ്പെട്ടതായാണ് വിവരം. കെട്ടിടത്തിനും സാരമായ നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്. ഇന്ന് രാവിലെയാണ് ആക്രമണം ഉണ്ടായത്. ഇതിനിടയില്‍ അഞ്ചോളം ഇറാന്‍ മിസൈലുകള്‍ തങ്ങളുടെ വ്യോമപ്രതിരോധ സംവിധാനം തടുത്തതായി ജോർദാൻ അറിയിച്ചു.
അതേസമയം അമേരിക്കയ്ക്ക് കനത്ത മറുപടി നല്‍കുമെന്നാണ് ഇറാന്‍ സേന പ്രതികരിച്ചിരിക്കുന്നത്. ജോര്‍ദാനിലെ ഇറാന്‍ ആക്രമണത്തിന് യുഎസ് തിരിച്ചടി നല്‍കി മണിക്കൂറുകള്‍ക്കുള്ളിലാണ് ഇറാന്റെ പ്രത്യാക്രമണം. ഇതോടെ പശ്ചിമേഷ്യന്‍ സംഘര്‍ഷം വീണ്ടും രൂക്ഷമായി.ഈജിപ്തിലെ ഡാമിയേറ്റ തുറമുഖത്ത് പ്രകൃതിവാതകവുമായി എത്തിയ രണ്ട് കപ്പലുകള്‍ക്ക് നേരെ ഡ്രോണ്‍ ആക്രമണം ഉണ്ടായി. ഇതിന് പുറമേ തങ്ങളുടെ എണ്ണ ഉത്പാദന കേന്ദ്രങ്ങള്‍ക്ക് നേരെ ഇറാഖില്‍ നിന്നും ആക്രമണങ്ങള്‍ ഉണ്ടായെന്ന ആരോപണവുമായി സൗദി അറേബ്യയും രംഗത്തെത്തിയിരുന്നു.
ജോര്‍ദാനിലെ യുഎസ് വ്യോമതാവളത്തില്‍ നടന്ന ഇറാന്‍ ആക്രമണത്തിന് പിന്നാലെ ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സിന്റെ വിവിധ കേന്ദ്രങ്ങളില്‍ അമേരിക്ക വ്യോമാക്രമണം നടത്തിയിരുന്നു. മിലിട്ടറി കമാന്‍ഡ് സെന്ററുകള്‍, മിസൈല്‍ – ഡ്രോണ്‍ സംവിധാനങ്ങള്‍, തീരദേശ നിരീക്ഷണ – പ്രതിരോധ മേഖലകള്‍ എന്നിവയെല്ലാം ആക്രമിക്കപ്പെട്ടിരുന്നു. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഭീഷണിക്ക് പിന്നാലെയായിരുന്നു യുഎസ് ആക്രമണം. ആക്രമണത്തിൽ ഖേഷം ദ്വീപില്‍ മൂന്ന് പേര്‍ കൊല്ലപ്പെടുകയും രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതിന് പുറമേ തങ്ങളുടെ പിന്തുണയിൽ ഇറാഖില്‍ പ്രവര്‍ത്തിക്കുന്ന പാരാമിലിറ്ററി അംബ്രല ഗ്രൂപ്പായ പോപ്പുലര്‍ മൊബിലൈസേഷന്‍ ഫോഴ്സിന്റെ ഇരുപതോളം അംഗങ്ങള്‍ യുഎസ് – സൗദി സംയുക്ത ആക്രമണത്തില്‍ കൊല്ലപ്പെട്ടെന്ന് ഇറാന്‍ സ്ഥിരീകരിച്ചിരുന്നു.
