സുഗതന്റെ അവധി അപേക്ഷ; അന്തിമ തീരുമാനം ആഭ്യന്തര വകുപ്പിന്റേത്

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി കൗൺസിലർ ആർ. സുഗതന്റെ അവധി അപേക്ഷ പാസാക്കിയതുമായി ബന്ധപ്പെട്ട വിവാദത്തിൽ നിർണായക വഴിത്തിരിവ്. സുഗതന് അനുകൂലമായി നേരത്തെ നൽകിയിരുന്ന കുറിപ്പ് തദ്ദേശസ്വയംഭരണ വകുപ്പ് പിൻവലിച്ച്, അവധി അനുവദിക്കരുതെന്ന നിലപാടോടെയുള്ള പുതിയ കുറിപ്പ് ആഭ്യന്തര വകുപ്പിന് കൈമാറി. ഇനി അന്തിമ തീരുമാനം എടുക്കേണ്ടത് ആഭ്യന്തര വകുപ്പാണ്.

നേരത്തെ തദ്ദേശ വകുപ്പിന്റെ അനുകൂല കുറിപ്പിന്റെ അടിസ്ഥാനത്തിലായിരുന്നു സുഗതന്റെ അവധി അപേക്ഷയ്ക്ക് അംഗീകാരം ലഭിച്ചത്. എന്നാൽ ആ കുറിപ്പ് റദ്ദാക്കിയ സാഹചര്യത്തിൽ, ആഭ്യന്തര വകുപ്പ് പഴയ ഉത്തരവ് പിൻവലിച്ച് പുതിയ നിർദേശം നൽകേണ്ടിവരും.
ഇതിനിടെ, അവധി അപേക്ഷ പാസാക്കിയ തിരുവനന്തപുരം കോർപ്പറേഷന്റെ നടപടിയുടെ നിയമസാധുതയും വീണ്ടും ചർച്ചയാകുകയാണ്. കോർപ്പറേഷൻ കൗൺസിൽ ഭൂരിപക്ഷത്തോടെ അവധി അപേക്ഷ അംഗീകരിച്ചതിനാൽ പിന്നീട് സർക്കാർ കത്തുകൾ പിൻവലിച്ചാലും അത് തീരുമാനത്തെ ബാധിക്കില്ലെന്നാണ് ബിജെപിയുടെ വാദം.

അതേസമയം, അവധി അനുവദിക്കാൻ അടിസ്ഥാനമായിരുന്ന സർക്കാർ നിർദേശങ്ങൾ തന്നെ റദ്ദാക്കിയതിനാൽ വിഷയം വീണ്ടും കൗൺസിലിന്റെ പരിഗണനയ്ക്ക് കൊണ്ടുവരേണ്ട സാഹചര്യമാണുള്ളതെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു. തെറ്റായ നടപടിക്രമങ്ങൾ പാലിച്ചാണ് അവധി അപേക്ഷ അംഗീകരിച്ചതെന്ന് ചൂണ്ടിക്കാട്ടി കോടതിയെ സമീപിക്കാനും പ്രതിപക്ഷം തീരുമാനിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *