കൊച്ചി: പൊലീസിനെ ഭീഷണിപ്പെടുത്തിയ കേസില്‍ വിശദീകരണവുമായി പ്രതി അര്ജുന് ആയങ്കി. പൊലീസിനെ താന്‍ ഭീഷണിപ്പെടുത്തിയില്ലെന്നാണ് അര്ജുന് ആയങ്കി പറയുന്നത്. കേസില്‍ ഒളിവില്‍ കഴിയവേയാണ് പ്രതി വിശദീകരണവുമായി രംഗത്ത് എത്തിയത്. കേസില്‍ കീഴടങ്ങാന്‍ തയ്യാറായിരുന്നുവെന്നും എന്നിട്ടും പൊലീസ് സുഹൃത്തുക്കളെ പിന്തുര്‍ന്ന് എത്തിയെന്നുമാണ് ഫേസ്ബുക്ക് പോസ്റ്റില്‍ ന്യായീകരിക്കുന്നത്. കോതമംഗലം സിഐ വ്യക്തി വൈരാഗ്യം തീര്‍ക്കുകയാണെന്നും ആരോപണമുണ്ട്. വിവാഹ സല്‍ക്കാരം ക്രിമിനല്‍ ഗൂഢാലോചനയാക്കി കേസെടുത്തു. പൊലീസിനെ അപായപെടുത്തുമെന്നല്ല സര്‍വീസില്‍ തുടരാന്‍ അനുവദിക്കില്ലെന്നാണ് പറഞ്ഞതെന്നും അര്ജുന് ആയങ്കി പറയുന്നു.
ജയിലും തൂക്കുകയറും പ്രതീക്ഷിച്ചാണ് ഇപ്പോള്‍ ജീവിക്കുന്നതെന്നും അര്ജുന് ആയങ്കി പറഞ്ഞു. ഊന്നുകല്‍ CIയെ ഭീഷണിപ്പെടുത്തിയ കേസിലാണ് പ്രതി വിശദീകരണവുമായി എത്തിയത്. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ വെല്ലുവിളിച്ചും അർജുന് ആയങ്കി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഞാനുമെന്റെ സുഹൃത്തുക്കളും പ്രതിചേർക്കപ്പെട്ട് ജയിലലടക്കപ്പെട്ട കേസിനെപ്പറ്റി പുനരന്വേഷണത്തിന് ഉത്തരവിടാൻ, ശേഷം ഞാൻ നിരപരാധിയെങ്കിൽ കള്ളക്കേസെടുത്ത് അധികാരദുർവിനിയോഗം ചെയ്ത സിഐ പ്രശാന്തനെതിരെ നടപടിയെടുക്കാൻ ഞാൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ വെല്ലുവിളിക്കുന്നു.
എങ്കിൽ ഞാൻ താങ്കളെ നേരിട്ട് വന്ന് പൊന്നാടയണിയിക്കും. ഒരുമ്മ തരും’ എന്നും അർജുൻ ആയങ്കി ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞിട്ടുണ്ട്. അല്ലാണ്ട് വിരട്ടരുത്.. വളർന്ന പാർട്ടി വേറെയാണ് എന്ന് വെല്ലുവിളിച്ചാണ് അർജുൻ ആയങ്കിയുടെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിച്ചിരിക്കുന്നത്. ധൈര്യമുണ്ടെങ്കിൽ പൊലീസ് തന്നെ പിടിക്കട്ടെയെന്ന അർജു ആയങ്കിയുടെ വെല്ലുവിളിയോടായിരുന്നു നേരത്തെ രമേശ് ചെന്നിത്തല പ്രതികരിച്ചത്. പൊലീസിനെ വെല്ലുവിളിച്ചവർക്ക് ഇനി എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് കാണാമെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രതികരണം.
