മസ്കത്ത്: 2025ൽ ഒമാൻ തലസ്ഥാനമായ മസ്കത്തിൽ ലഭിച്ചത് 10 മില്ലിമീറ്ററിൽ താഴെ മഴ മാത്രം. മസ്കത്തിന് പുറമേ സൗത്ത് ഷർഖിയ, നോർത്ത് ബാത്തിന ഗവർണറേറ്റുകളിലും ആകെ വാർഷിക മഴ 10 മില്ലിമീറ്ററിൽ താഴെയാണ് രേഖപ്പെടുത്തിയത്. 2025-ൽ ഒമാനിലെ ഗവർണറേറ്റുകളിൽ മഴയുടെ തോത് വ്യത്യസ്തമായിരുന്നുവെന്നാണ് അധികൃതർ പറയുന്നത്. സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ (സിഎഎ) നാഷണൽ മൾട്ടി-ഹസാർഡ് ഏർലി വാണിംഗിൽ നിന്നുള്ള മഴ ഡാറ്റയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
ദോഫാർ ഗവർണറേറ്റിലെ നിരീക്ഷണ കേന്ദ്രങ്ങളിലാണ് ഏറ്റവും ഉയർന്ന വാർഷിക മഴ രേഖപ്പെടുത്തിയത്. ധൽകൂത് നിരീക്ഷണ കേന്ദ്രത്തിൽ 379.6 മില്ലിമീറ്റർ മഴ രേഖപ്പെടുത്തി. ഖരീഫ് സീസണിൽ തുടർച്ചയായുണ്ടാകുന്ന ചാറ്റൽ മഴയും കിഴക്കൻ വേനൽക്കാല ന്യൂനമർദമായ ‘അൽഇസ്തിബ്ഷാർ’ ന്റെ സ്വാധീനവുമാണ് ഇതിന് പ്രധാന കാരണം.
