സ്വർണവിലയില്‍ വൻ കുതിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വൻ കുതിപ്പ്. 1 ഗ്രാമിന് 290 രൂപ വര്‍ധിച്ച് 14,220 രൂപയിലെത്തി. പവന് ഒറ്റയടിക്ക് 2320 രൂപ വര്‍ധിച്ച് 1,13,760 രൂപയായി. കഴിഞ്ഞ ജൂണിനുശേഷം രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന വിലയാണിത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 8160 രൂപയാണ് പവന് കൂടിയത്.രാജ്യാന്തര വിപണിയിലെ കുതിപ്പാണ് കേരളത്തിലെയും ആവേശം. ഇന്നലെ ഔണ്‍സിന് 4300 ഡോളര്‍ നിലവാരത്തിലായിരുന്ന രാജ്യാന്തര വില ഇപ്പോഴുള്ളത് 4418 ഡോളറിലാണ്.

ഇത് ആഗോള വിപണിയില്‍ വാങ്ങല്‍ സമ്മര്‍ദ്ദം വര്‍ധിച്ചു. ഇതിന്റെ പ്രതിഫലനമാണ് കേരളത്തിലെ പ്രാദേശിക വിപണിയിലും പ്രകടമായത്. പശ്ചിമേഷ്യയിലെ സമാധാന ചര്‍ച്ചകള്‍, ഡോളറിലെ ചാഞ്ചാട്ടം, ആഗോള സാമ്പത്തിക അനിശ്ചിതത്വം എന്നിവയും സ്വര്‍ണവിലയെ സ്വാധീനിച്ച പ്രധാന ഘടകങ്ങളായാണ് വിപണി വിദഗ്ധര്‍ വിലയിരുത്തുന്നത്.

കേരളത്തില്‍ ഇന്ന് 18 കാരറ്റ് സ്വര്‍ണവില ഗ്രാമിന് 240 രൂപ വര്‍ധിച്ച് 11,685 രൂപയായി. 93,480 രൂപയാണ് 18 കാരറ്റ് സ്വര്‍ണം പവന് വില. ഗ്രാമിന് 185 രൂപ ഉയര്‍ന്ന് 14 കാരറ്റ് സ്വര്‍ണവില 9100 രൂപയിലെത്തിയപ്പോള്‍ പവന്‍വില 72,800 രൂപ. 115 രൂപ ഉയര്‍ന്ന് 5865 രൂപയാണ് 9 കാരറ്റ് സ്വര്‍ണം ഗ്രാമിന് വില. പവന് 46,920 രൂപയുമാണ്. വെള്ളിവില ഗ്രാമിന് 10 രൂപ വര്‍ധിച്ച് 255 രൂപയിലുമെത്തി.

Leave a Reply

Your email address will not be published. Required fields are marked *