ഇന്ത്യൻ സിനിമയിൽ തൻ്റേതായ വ്യക്തിമുദ്ര പതിപ്പിച്ച നടിയാണ് നയൻതാര. മികച്ച സിനിമകൾ ചെയ്ത് ജനശ്രദ്ധ നേടിയ നയൻതാരയുടെ അരങ്ങേറ്റം മലയാളത്തിലൂടെയായിരുന്നു. മലയാളികളോടും മലയാള സിനിമയോടുമുള്ള തൻ്റെ ഇഷ്ടം കുറഞ്ഞിട്ടില്ലെന്ന് തെളിയിച്ചിരിക്കുകയാണ് ഇപ്പോൾ നടി. നാളുകൾക്ക് ശേഷം മലയാളത്തിൽ താരം നൽകിയ ഒരു ഇൻ്റർവ്യൂവാണ് ഇപ്പോൾ ചർച്ചയാകുന്നത്. അഭിമുഖത്തിൽ തൻ്റെ വിദ്യാഭ്യാസ കാലത്തെക്കുറിച്ചും സിനിമയ്ക്ക് മുമ്പുണ്ടായിരുന്ന ജീവിതത്തെക്കുറിച്ചുമൊക്കെ നയൻതാര പറയുന്നുണ്ട്.
ഏത് സിനിമാ സെറ്റിലേക്ക് തിരിച്ച് പോകാനാണ് ആഗ്രഹം എന്ന് ചോദിക്കുമ്പോൾ മനസിനക്കരെയുടെ സെറ്റിലേക്കാണ് തിരിച്ച് പോകേണ്ടതെന്നായിരുന്നു നടിയുടെ മറുപടി. നയൻതാരയുടെ ആദ്യ സിനിമ കൂടിയായിരുന്നു മനസ്സിനക്കരെ. ജയറാം നായകനായ സിനിമ 2003 ലാണ് റിലീസായത്. വിദ്യാഭ്യാസ കാലത്തിൻ്റെ ഏറിയ പങ്കും ഡൽഹിയിലും ഗുജറാത്തിലുമായിരുന്നുവെന്നും പിന്നീട് കേരളത്തിൽ എത്തിയപ്പോൾ വല്ലാത്ത ഏകാന്തത അനുഭവിച്ച് തുടങ്ങിയെന്നും നയൻതതാര പറയുന്നുണ്ട്. പിന്നീടാണ് നയൻതാര സിനിമയിലേക്ക് എത്തുന്നത്.



