തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവി സംബന്ധിച്ച തര്‍ക്കത്തില്‍ വാതില്‍ അടഞ്ഞിട്ടില്ല എന്ന് സിപിഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി പ്രസാദ്. ഉപനേതാവ് ചര്‍ച്ചയ്ക്ക് ഫുള്‍ സ്റ്റോപ്പ് ഇടാന്‍ കഴിയില്ലെന്നും ചര്‍ച്ച തുടരും എന്നും അദ്ദേഹം പറഞ്ഞു. ഉപനേതാവ് പദവി സിപിഐക്ക് ലഭിക്കണം എന്നും അദ്ദേഹം വ്യക്തമാക്കി. പ്രതിപക്ഷ ഉപനേതാവ് പദവിയുമായി ബന്ധപ്പെട്ട പിണറായി വിജയന്റെ പ്രതികരണം മുന്നണി മര്യാദയ്ക്ക് ചേരുന്നതല്ലെന്നും ഏകപക്ഷീയ നിലപാട് അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
എല്‍ഡിഎഫ് കണ്‍വീനര്‍ അടക്കം സിപിഐയുമായി ചര്‍ച്ച നടത്തുകയാണ്. അതിനിടയിലുള്ള പ്രതികരണം മുന്നണി ഐക്യത്തെ തകര്‍ക്കുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മാതൃക ആകേണ്ടവര്‍ മുന്നണി മര്യാദയുടെ ബാല പാഠം മറന്ന് പ്രവര്‍ത്തിക്കുന്നത് ശരിയല്ല. ചര്‍ച്ച തുടരുമെന്നാണ് എല്‍ഡിഎഫ് കണ്‍വീനര്‍ പറഞ്ഞത്. അതിനിടെ അഭിപ്രായം പറയുന്നത് മുന്നണിയുടെ കെട്ടുറപ്പിന് ഗുണകരമല്ലെന്നും സിപിഐ നേതാവ് കൂട്ടിച്ചേര്‍ത്തു.
പ്രതിപക്ഷ ഉപനേതാവ് പദവിയില്‍ വിട്ടുവീഴ്ചയ്ക്കില്ലെന്നായിരുന്നു കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ പ്രതികരിച്ചത്. പ്രതിപക്ഷ ഉപനേത്യസ്ഥാനം സിപിഐഎമ്മിന് തന്നെയായിരിക്കും. സിപിഐഎം നേതാവിന്റെ പേരാകും കത്തിലെന്നുമായിരുന്നു പിണറായി വിജയന്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. ഉപനോതാവ് പദവി അടഞ്ഞ അധ്യായമാണെന്ന് നേരത്തെയും പിണറായി വിജയന്‍ പ്രതികരിച്ചിരുന്നു.



