കോൺ​ഗ്രസ് പ്രവർത്തകനെ മർദിച്ച് കൊലപ്പെടുത്തി, പിന്നിൽ തൃണമൂൽ കോൺ​ഗ്രസ് പ്രവർത്തകരെന്ന് ആരോപണം

കൊൽക്കത്ത: പശ്ചിമബംഗാളിൽ കോൺഗ്രസ് പ്രവർത്തകനെ മർദിച്ച് കൊലപ്പെടുത്തിയതായി ആരോപണം. അസൻസോളിലാണ് സംഭവം.
43 കാരനായ ദേബ്ദീപ് ചാറ്റർജിയാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് പിന്നിൽ തൃണമൂൽ കോൺ​ഗ്രസ് പ്രവർത്തകരാണെന്നാണ് ആരോപണം.

ഭാര്യയുടെയും പത്ത് വയസ്സുകാരനായ മകന്റെയും മുന്നില്‍വെച്ചായിരുന്നു കൊലപാതകം. ജന്മദിനാഘോഷത്തില്‍ പങ്കെടുത്തു മടങ്ങവെ കുടുംബം സഞ്ചരിച്ച കാര്‍ മോട്ടോര്‍ സൈക്കിളില്‍ ഇടിക്കുകയായിരുന്നുവെന്നും ക്ഷമ ചോദിക്കാനായി ഭര്‍ത്താവ് ഇറങ്ങിയത് വഴക്കിലും അടിപിടിയിലും കലാശിക്കുകയായിരുന്നുവെന്നും ദേബ്ദീപിന്റെ ഭാര്യ പറഞ്ഞു. ഹൗസിംഗ് സൊസൈറ്റിയുടെ സെക്രട്ടറിയെ അറിയിക്കുമെന്ന് പറഞ്ഞതോടെ മര്‍ദനം തുടങ്ങിയെന്നും താനും മകനും അപേക്ഷിച്ചിട്ടും അവര്‍ മര്‍ദിക്കുകയായിരുന്നുവെന്നും ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും ദേബ്ദീപ് മരിച്ചെന്നും ഭാര്യ വിശദീകരിച്ചു.

ദേബ്ദീപിനെ ആക്രമിച്ചവർ പ്രാദേശിക തൃണമൂൽ കോൺഗ്രസ് കൗൺസിലർ അനിമേഷ് ദാസിന്റെ സഹായികളാണെന്ന് കോൺഗ്രസ് നേതാക്കൾ ആരോപിച്ചു. എന്നാൽ, താൻ സ്ഥലത്തിന് പുറത്താണെന്നും സംഭവത്തെക്കുറിച്ച് അറിയില്ലെന്നും കൗൺസിലർ പറഞ്ഞു. കുറ്റവാളികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ അസൻസോൾ സൗത്ത് പോലീസ് ഔട്ട്‌പോസ്റ്റിന് മുന്നിൽ പ്രകടനം നടത്തി.
സംഭവത്തെ അപലപിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും രം​ഗത്തെത്തി. സംഭവം തൃണമൂൽ ഭീകരതയാണെന്നും പ്രതികൾക്കെതിരെ കടുത്ത നടപടി വേണമെന്നും രാഹുൽ ​ഗാന്ധി ആവശ്യപ്പെട്ടു. അതേസമയം, പാർക്കിംഗിനെ ചൊല്ലിയുള്ള തർക്കത്തിലാണ് കൊലപാതകമെന്നും പാർട്ടിക്ക് പങ്കില്ലെന്നും തൃണമൂൽ കോൺഗ്രസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *