ദുബൈ: മഴയെതുടർന്നുണ്ടാകുന്ന വെള്ളക്കെട്ട് മിനിറ്റുകൾക്കുള്ളിൽ നീക്കം ചെയ്യാൻ സ്മാർട്ട് വാഹനവുമായി ദുബൈ. റോഡ് ട്രാൻസ്‌പോർട് അതോറിറ്റി വികസിപ്പിച്ച പുതിയ ‘റാപ്പിഡ് ഇന്റെർവെൻഷൻ വെഹിക്കിൾ’ ദുബൈ കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം കഴിഞ്ഞ ദിവസം സന്ദർശിച്ച് വിലയിരുത്തി. വെള്ളപ്പൊക്ക സാഹചര്യത്തിൽ ഗതാഗത നിയന്ത്രണവും രക്ഷാ പ്രവർത്തനവും 75 ശതമാനം വേഗതയിലാക്കാൻ ഈ വാഹനത്തിനു സാധിക്കും.
മിനിറ്റിൽ ഏകദേശം 60,000 ലിറ്റർ വെള്ളം പമ്പ് ചെയ്ത് നീക്കാൻ ഈ വാഹനത്തിന് ശേഷിയുണ്ട്. റോഡിലെ വെള്ളം സെക്കന്റിൽ 1000 ലിറ്റർ എന്ന വേഗതയിൽ പമ്പ് ചെയ്ത് നീക്കും. 1.8 മീറ്റർ വരെ ആഴത്തിലുള്ള വെള്ളക്കെട്ടുകളിൽ പോലും ഇത് സുഗമമായി പ്രവർത്തിക്കും.
വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങൾ നിരീക്ഷിക്കാൻ തെർമൽ ഡ്രോണുകളും ആളുകളെ ഒഴിപ്പിക്കാൻ റെസ്ക്യൂ ബോട്ടുകളും ഈ വാഹനത്തിൽ സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ, രാത്രികാല സേവനങ്ങൾക്കായി ലൈറ്റിങ് ടവറും ബാക്കപ്പ് ജനറേറ്ററും ഇതിനുണ്ട്. ഹൈഡ്രോളിക് സംവിധാനമുള്ള ഈ വാഹനം എത്തുന്ന നിമിഷം തന്നെ പ്രവർത്തനം തുടങ്ങാൻ സാധിക്കും. മാത്രമല്ല, ഈ സംവിധാനം ഗതാഗത കുരുക്ക് വലിയ തോതിൽ കുറയ്ക്കാനും സഹായിക്കും.
