ബെംഗളൂരു: ഐപിഎല്ലിനിടെ ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലെ 240 സിസിടിവി ക്യാമറകള്‍ ഓഫാക്കിയ സംഭവത്തില്‍ രണ്ട് പേര്‍ പിടിയില്‍. 37-കാരനായ മഞ്ജുനാഥ്, 19-കാരനായ അബ്ദുള്‍ കലാം എന്നിവരാണ് പിടിയിലായത്. സ്റ്റേഡിയത്തില്‍ സിസിടിവി ക്യാമറകളുടെ സേവനം നല്‍കുന്ന കമ്പനിയിലെ ജീവനക്കാരാണ് ഇവരെന്നാണ് വിവരം. ഏപ്രില്‍ 24-ന് നടന്ന റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു-ഗുജറാത്ത് ടൈറ്റന്‍സ് മത്സരത്തിന് മുന്‍പാണ് സംഭവം.
സുരക്ഷാ വീഴ്ച ഉണ്ടായതായി പരാതി ലഭിച്ചതിനെ തുടര്‍ന്ന് കുബ്ബോണ്‍ പാര്‍ക്ക് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഗുരുഗ്രാം ആസ്ഥാനമായുള്ള സ്റ്റാക്ക് ടെക്‌നോളജീസ് പ്രൈവറ്റ് ലിമിറ്റഡിലെ ജീവനക്കാരനായ ആദിത്യ ഭട്ട് ആണ് പരാതി നല്‍കിയത്. പാസില്ലാതെ ഇരുവരും സിസിടിവി കണ്‍ട്രോള്‍ റൂമില്‍ പ്രവേശിച്ചുവെന്നും വീഡിയോ റെക്കോര്‍ഡര്‍ സിസ്റ്റങ്ങളും അനുബന്ധ ഫൈബര്‍ കണക്ഷനുകളും നശിപ്പിച്ചുവെന്നും അദ്ദേഹം ആരോപിച്ചു. സ്റ്റേഡിയത്തില്‍ സാധാരണയായി നടത്താറുള്ള പരിശോധനയിലാണ് ഇക്കാര്യം കണ്ടെത്തിയത്.
പ്രവേശന കവാടമുള്‍പ്പെടെയുള്ള വിവിധയിടങ്ങളിലെ 240 സിസിടിവി ക്യാമറകളാണ് കൂട്ടത്തോടെ ഓഫാക്കിയ നിലയില്‍ കാണപ്പെട്ടത്. പ്രവേശന വിലക്കുള്ള സിസിടിവി കണ്‍ട്രോള്‍ റൂമില്‍ അനുമതിയില്ലാതെ കടക്കുകയും ഉപകരണങ്ങള്‍ നശിപ്പിച്ചെന്നുമാണ് പരാതി. ഇവര്‍ പ്രവേശനവിലക്കുള്ള മുറികളില്‍ കടക്കുന്നതിന്റെ ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. അതേസമയം, ശമ്പളം കൃത്യമായി ലഭിക്കാത്തതിന്റെ ദേഷ്യത്തിലാണ് ഇത് ചെയ്തതെന്നാണ് പ്രതികള്‍ മൊഴി നല്‍കിയതെന്നാണ് വിവരം. ഏകദേശം 10 ലക്ഷത്തോളം രൂപ ലഭിക്കാനുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
