മക്കയ്ക്ക് സമീപമുണ്ടായ ഡ്രോണ്‍ ആക്രമണത്തിൽ ആശങ്ക രേഖപ്പെടുത്തി ഇന്ത്യ

ഡല്‍ഹി: സൗദിയിലെ മക്കയ്ക്ക് സമീപമുണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ കടുത്ത ആശങ്ക രേഖപ്പെടുത്തി ഇന്ത്യന്‍ വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍. സൗദി അറേബ്യയുടെ പരമാധികാര പ്രദേശത്തുണ്ടാകുന്ന ആക്രമണം അപലപനീയമെന്ന് ജയ്സ്വാള്‍ പറഞ്ഞു. ലോകമെമ്പാടുമുള്ള മുസ്ലിംകള്‍ക്ക് പ്രത്യേക പ്രാധാന്യമുള്ള നഗരത്തിലെ സംഭവം ആശങ്കാജനമെന്നും മേഖലയില്‍ സമാധാനവും സ്ഥിരതയും എത്രയും വേഗം പുനഃസ്ഥാപിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായും ജയ്സ്വാള്‍ പറഞ്ഞു.

അതേസമയം, സൗദിയിലെ അമേരിക്കക്കാര്‍ക്ക് യുഎസ് എംബസി ജാഗ്രതാ നിര്‍ദേശം നല്‍കി. യമന്‍ അതിര്‍ത്തിയിലേക്ക് പോകരുതെന്നാണ് നിര്‍ദേശം. മക്ക ലക്ഷ്യമിട്ട് ഹൂതികള്‍ നടത്തിയ ആക്രമണ നീക്കം സൗദി അറേബ്യ വിജയകരമായി തടഞ്ഞിരുന്നു. ചൊവ്വാഴ്ച വൈകുന്നേരം മക്കയുടെ തെക്കന്‍ അതിര്‍ത്തിയില്‍ വെച്ചാണ് സ്ഫോടകവസ്തുക്കള്‍ നിറച്ച ഡ്രോണ്‍ സൗദി വ്യോമസേന വെടിവെച്ചിട്ടത്. നഗരത്തിന്റെ സുരക്ഷിത ആകാശപരിധിയിലേക്ക് കടക്കും മുന്‍പേ പ്രതിരോധ സേന ഡ്രോണ്‍ നിര്‍വീര്യമാക്കുകയായിരുന്നു. മക്കയിലും ജിദ്ദയിലും തായിഫിലുമുള്ള മുഴുവന്‍ ആളുകളുടെയും ഫോണുകളില്‍ സിവില്‍ ഡിഫന്‍സിന്റെ അടിയന്തര സുരക്ഷാ അലാറം മുഴങ്ങിയെങ്കിലും മിനിറ്റുകള്‍ക്കുള്ളില്‍ ഡ്രോണ്‍ തകര്‍ത്ത് അപകടസാധ്യത ഒഴിഞ്ഞതായി രണ്ടാമത്തെ സന്ദേശമെത്തി.

ഹൂതി ആക്രമണത്തെ ജിസിസി രാജ്യങ്ങളും ശക്തമായി അപലപിച്ചു.അതിനിടെ, ഹൂതികളുടെ ആക്രമണത്തെ തുടര്‍ന്ന് കഴിഞ്ഞയാഴ്ച അടച്ച സൗദി അറേബ്യയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്‌ലൈന്‍ വഴിയുള്ള എണ്ണ വിതരണം ഏതാനും ദിവസത്തിനുള്ളില്‍ പുനരാരംഭിക്കുമെന്ന് യുഎസ് ഊര്‍ജ്ജ സെക്രട്ടറി ക്രിസ് റൈറ്റ് വ്യക്തമാക്കി. ഇറാനെതിരായ യുദ്ധം അമേരിക്കയ്ക്ക് ഇതുവരെ 3800 കോടി ഡോളര്‍ നഷ്ടമുണ്ടാക്കിയെന്നും ഇത് പ്രതിമാസം 300 കോടി ഡോളര്‍ വര്‍ദ്ധിക്കുമെന്നും ബജറ്റ് വിശകലന ഏജന്‍സിയായ കോണ്‍ഗ്രഷണല്‍ ബജറ്റ് ഓഫീസ് വിലയിരുത്തി.

Leave a Reply

Your email address will not be published. Required fields are marked *