‘നാണം കെട്ട പരാജയത്തിന്റെ ബാക്കിയാണ് തന്റെ സസ്പെൻഷനെന്ന്’ ബി. അശോക്

തിരുവനന്തപുരം : മാധ്യമങ്ങളോട് സംസാരിച്ചതിന്റെ പേരിൽ സർക്കാർ അച്ചടക്ക നടപടിയെടുത്ത സാഹചര്യത്തിൽ സർക്കാരിനും മുൻ ചീഫ് സെക്രട്ടറിക്കുമെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി സൈനിക ക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി. അശോക്. ഏപ്രിൽ 9 ന് ജനം പുറത്താക്കിയ സർക്കാരാണ് തന്നെ സസ്പെൻഡ് ചെയ്തതെന്ന് ബി. അശോക് പരിഹസിച്ചു. സസ്പെൻഷൻ ഓർഡറിൽ നടപടിയുടെ കാരണം വ്യക്തമല്ലെന്നും അതിനാൽ കോടതിയിൽ പോകാൻ ഉദ്ദേശമില്ലെന്നും അദ്ദേഹം പറഞ്ഞു. പുതിയ സർക്കാർ സ്വാഭാവികമായും തീരുമാനം പുനപരിശോധിക്കും. നാണം കെട്ട പരാജയത്തിന്റെ ബാക്കിയാണ് തന്റെ സസ്പെൻഷനെന്നും അതേ നാണയത്തിൽ തന്നെ നടപടിയെ തള്ളുമെന്നും അദ്ദേഹം പറഞ്ഞു.

സസ്പെൻഷൻ ഓർഡർ ഒരു ബാഡ്ജായി ഉൾക്കൊള്ളുന്നു. തെരഞ്ഞെടുപ്പ് കമ്മീഷൻ ലേഖനത്തിൽ ചട്ടവിരുദ്ധമായി ഒന്നുമില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. ഫാസിസ്റ്റ് പ്രവണത എന്തെന്ന് ഇപ്പോൾ തെളിഞ്ഞു. ഒന്നാം സർക്കാരിൽ ഉദ്യോഗസ്ഥ ഏകോപനം ഉണ്ടായിരുന്നു. പക്ഷെ രണ്ടാം പിണറായി സർക്കാരിൽ വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥരുടെ സ്വാധീനമുണ്ട്. കേരള മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി കെ. എം എബ്രഹാം മന്ത്രിസഭയിലെ രണ്ടാമനെ പോലെയാണ് പെരുമാറുന്നതെന്നും ബി ആശോക് ആരോപിച്ചു. ധനവകുപ്പിനെ പോലും മറികടന്ന് ക്യാബിനറ്റ് പദവി ദുരുപയോഗിച്ച് ഇടപെടൽ നടത്തുകയാണെന്നും ബി. അശോക് കുറ്റപ്പെടുത്തി.

ഇല്ലാത്ത പദവി സൃഷ്ടിച്ചാണ് കെ.എം എബ്രഹാമിനെ സർക്കാർ അധികാരത്തിൽ ഇരുത്തിയത്. ചീഫ് സെക്രട്ടറിയെ പോലും ഭരിക്കുന്ന സ്ഥിതി വന്നു. ഉദ്യോഗസ്ഥ തലത്തിൽ അധികാരത്തിന്റെ പുതിയ തലം ഉണ്ടാക്കി. സിവിൽ സർവ്വീസ് ഏകോപനം വലിയ തോതിൽ താളം തെറ്റി. ട്രിബ്യൂണൽ വിധിയോട് പോലും ധിക്കാരപരമായ സമീപനം. ചട്ടവിരുദ്ധ നടപടികളും നിയമനങ്ങളും ധാരാളം ഉണ്ടെന്നും അതിനെതിരെ ചീഫ് സെക്രട്ടറിക്ക് പരാതി നൽകിയിട്ടുണ്ടെന്നും സസ്പെൻഷൻ കാണിച്ച് ഭീഷണിപ്പെടുത്തേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *